സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതികളെ ഇന്‍കം ടാക്‌സ് ചോദ്യം ചെയ്യും

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളെ ഇന്‍കം ടാക്‌സ് വിഭാഗം ചോദ്യം ചെയ്യും. ഇതിന് അനുമതി തേടിയുളള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ നല്‍കിയത്.

സ്വപ്ന സുരേഷ്, പി. എസ്. സരിത്, സന്ദീപ് നായര്‍, കെ. ടി. റമീസ് , ഹംജദ് അലി, ജലാല്, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ. സെയ്തലവി എന്നിവരെ ചോദ്യം ചെയ്യാനുള്ള അനുമതി തേടിയാണ് അപേക്ഷ നല്‍കിയത്. നികുതിയടക്കാത്ത പണം സ്വപ്നയുടെ ലോക്കറില്‍ നിന്നടക്കം കണ്ടെത്തിയിരുന്നു. പ്രതികളുടെ പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും ഉറവിടം വ്യക്തമല്ല. പ്രതികള്‍ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെന്നും ഇന്‍കം ടാക്‌സ് വിഭാഗം കോടതിയെ അറിയിച്ചു.

അതേസമയം, നയതന്ത്രചാനല്‍ വഴി 88.5 കിലോഗ്രാം സ്വര്‍ണം കടത്തിയതായി സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫി വെളിപ്പെടുത്തി.നയതന്ത്ര ബാഗേജ് വഴി 20 തവണ സ്വര്‍ണം കടത്തിയെന്നാണ് മൊഴി. നയതന്ത്ര ബാഗേജ് വഴി കടത്തിയ 88.5 കിലോ സ്വര്‍ണത്തില്‍ 77.5 കിലോ കൊടുത്തുവിട്ടത് താനും കൂട്ടാളികളുമാണെന്നും ഷാഫിയുടെ മൊഴിയിലുണ്ട്. നയതന്ത്ര ബാഗേജ് ഒരുക്കുന്ന വിധവും പ്രതി വിശദീകരിച്ചു.

Exit mobile version