മഹാമാരിക്കിടയിലും രണ്ടാമതൊന്ന് ആലോചിക്കാതെ കരിപ്പൂരിലും രാജമലയിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദി, അവരോട് എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നുവെന്ന് മോഹന്‍ലാല്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിലും രാജമല മണ്ണിടിച്ചിലിലും രക്ഷാപ്രവര്‍ത്തനം നടത്തിയ നല്ലവരായ മനുഷ്യര്‍ക്ക് നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. അവരോട് എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നുവെന്നും മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചു.

വിമാനാപകടത്തിലും മണ്ണിടിച്ചിലും മരിച്ചവര്‍ക്ക് മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മഹാമാരിക്കിടയിലും രണ്ടാമതൊന്ന് ആലോചിക്കാതെ കരിപ്പൂരിലും രാജമലയിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദി. ഇത്തരത്തിലുള്ള നിസ്വാര്‍ത്ഥ നടപടികളാണ് നമ്മളെ മുന്നോട്ടുനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൂല കാലാവസ്ഥയിലും രാജമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ ഭേദമാകട്ടെ, പ്രാര്‍ത്ഥനകള്‍ എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഒരു ഭാഗത്ത് നമ്മള്‍ കോവിഡിനെതിരെ പോരാടുന്നു, മറുഭാഗത്ത് ഇതുപോലുള്ള ദുരന്തങ്ങള്‍.. അങ്ങേയറ്റം വേദനാജനകമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തെ ഒന്നടങ്കം നടുക്കിയ ദുരന്തമായിരുന്നു രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂര്‍ വിമാനത്തിവളത്തിലുണ്ടായ വിമാനാപകടവും. രണ്ട് അപകടങ്ങളിലായി നിരവധി പേരാണ് മരിച്ചത്. രാഷ്ട്രീയ സിനിമ മേഖലയിലുള്ള ഒട്ടനവധി പേര്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു.

Exit mobile version