കടയൊഴിപ്പിക്കാനെത്തിയ അധികൃതരോട് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ പ്രതികരിച്ച് തെരുവുകച്ചവടക്കാരി, ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

ഇന്‍ഡോര്‍: കടയൊഴിപ്പിക്കാനെത്തിയ മുന്‍സിപ്പല്‍ അധികൃതരെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ മറുപടി നല്‍കി അമ്പരപ്പിച്ച് തെരുവുകച്ചവടക്കാരി. പിഎച്ചഡിക്കാരിയെന്നവകാശപ്പെടുന്ന തെരുവുകച്ചവടക്കാരിയായ റെയ്‌സ അന്‍സാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്.

ഇന്‍ഡോറിലാണ് സംഭവം. മുന്‍സിപ്പല്‍ അധികൃതര്‍ തന്റെ കച്ചവടസാമഗ്രികള്‍ നീക്കം ചെയ്യാനായി വന്നപ്പോഴാണ് റെയ്‌സ പ്രതിഷേധിച്ചത്. അധികൃതര്‍ക്ക് ഇംഗ്ലീഷില്‍ തന്നെ ശക്തമായ മറുപടി നല്‍കി. ഇത് കേട്ട് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ അമ്പരന്നു.

മാധ്യമപ്രവര്‍ത്തകരിലൊരാള്‍ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ താന്‍ മെറ്റിരീയല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയിട്ടുണ്ടെന്നായിരുന്നു റെയ്‌സയുടെ അവകാശവാദം. മുന്‍സിപ്പല്‍ അധികൃതര്‍ തങ്ങളെ വല്ലാതെ ഉപദ്രവിക്കുകയാണെന്നും ഇംഗ്ലീഷില്‍ റെയ്‌സ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

ഇടക്കിടെയുണ്ടാകുന്ന വിലക്കുകളെ തുടര്‍ന്ന് ഇന്‍ഡോര്‍ ചന്തയിലെ തെരുവ് കച്ചവടക്കാര്‍ കോവിഡ് മഹാമാരിക്കാലത്ത് ഉപജീവനം നടത്താന്‍ കഷ്ടപ്പെടുകയാണെന്നും പഴം-പച്ചക്കറി തെരുവ് കച്ചവടക്കാരൊക്കെയായ ഞങ്ങള്‍ ഞങ്ങളുടെ വീടുകള്‍ എങ്ങനെ പുലര്‍ത്തുമെന്നും റെയ്‌സ ചോദിക്കുന്നു.

‘ചില സമയങ്ങളില്‍ മാര്‍ക്കറ്റിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കും. അധികാരികള്‍ വന്ന് ചിലപ്പോള്‍ മറുഭാഗവും അടപ്പിക്കും. അങ്ങനെയാവുമ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുള്ളൂ. ഇവിടെയുള്ളവര്‍ എന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആണ്. ഞങ്ങള്‍ 20 പേരെങ്കിലുമുണ്ട്. അവരൊക്കെ എങ്ങനെ ഉപജീവനം നടത്തും. പിടിച്ചു നില്‍ക്കും?” എന്നും റെയ്‌സ ചോദിക്കുന്നു

”സ്റ്റാളുകളിലൊന്നും ഒരു തിരക്കുമില്ല. എന്നാലും അധികൃതര്‍ ഞങ്ങളോട് ഇവിടുന്ന് പോകാന്‍ പറയുകയാണ്’. റെയ്‌സ ആരോപിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന തെരുവു കച്ചവടക്കാരിയായ റെയ്‌സ അന്‍സാരിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം പ്രചരിക്കുകയാണ്.

Exit mobile version