കൊറോണയെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപണം, മമതയ്‌ക്കെതിരെ വീടുകളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വീടുകളില്‍ കുത്തിയിരിപ്പ് സമരം നടത്തി ബിജെപി നേതാക്കള്‍. സര്‍ക്കാര്‍ നടത്തുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്ന് ആരോപിച്ചാണ് സമരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ സമരത്തില്‍ അണിചേര്‍ന്നു.

കൊറോണയെ നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ജനങ്ങള്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നതില്‍പ്പോലും അഴിമതിയാണെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. ദിലീപ് ഘോഷ് സാള്‍ട്ട് ലേക്കിന് സമീപത്തെ വീട്ടില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി പ്രതിഷേധ ധര്‍ണ നടത്തി.

സ്ഥിതിഗതികള്‍ കൈവിട്ടുപോവുകയാണെന്നും പൊട്ടിത്തെറി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനുപകരം വസ്തുതകള്‍ മറച്ചുവെക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും പാര്‍ട്ടി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം പാര്‍ട്ടി നല്കുന്നതാണെന്ന് അവകാശപ്പെട്ടാണ് മമത വിതരണം ചെയ്യുന്നതെന്ന് പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയയും കുറ്റപ്പെടുത്തി.

കൊറോണയെ നേരിടുന്നതില്‍ മമത സര്‍ക്കാര്‍ കാര്യക്ഷമമല്ല, ലോക്ക് ഡൗണില്‍ പ്രയാസമനുഭവിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും മറ്റ് ബിജെപി നേതാക്കള്‍ ആരോപിച്ചു.ലോക്ക് ഡൗണായതിനാല്‍ വീടുകളില്‍ സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരത്തില്‍ പാര്‍ട്ടി നേതാക്കളായ മുകുള്‍ റോയ്, ലോക്കെറ്റ് ചാറ്റര്‍ജി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും പങ്കുചേര്‍ന്നു.

Exit mobile version