ഇനി മൊബൈല്‍ ഫോണുകള്‍ക്ക് വിലയേറും; ജിഎസ്ടി നിരക്ക് കൂട്ടി

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ മൊബൈല്‍ ഫോണുകള്‍ക്ക് വിലയേറും. മൊബൈല്‍ ഫോണുകളുടെയും ഘടകങ്ങളുടെയും നികുതി ഉയര്‍ത്താന്‍ ശനിയാഴ്ചചേര്‍ന്ന ചരക്ക്-സേവന നികുതി (ജിഎസ്ടി.) കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നികുതി 12 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കാനാണ് തീരുമാനം.

മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്ക് 18 ശതമാനവും ഫോണിന് 12 ശതമാനവുമാണ് നിലവിലെ സ്‌ളാബ്. കൂടുതല്‍ ഈടാക്കുന്ന തുക കേന്ദ്ര സര്‍ക്കാരിന് തിരിച്ചു നല്‍കേണ്ടി വരുന്നത് കണക്കിലെടുത്താണ് ജിഎസ്ടി ഏകീകരിച്ചത്.

മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ ചെരിപ്പ്, തുണിത്തരങ്ങള്‍, വളം എന്നിവയുടെ നികുതി അഞ്ചുശതമാനത്തില്‍നിന്ന് 12 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ രാജ്യത്ത് കൊറോണ ഭീതിക്കൊപ്പം വിലക്കയറ്റവും അടിച്ചേല്‍പ്പിക്കരുതെന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതോടെ ഇത് മാറ്റിവെച്ചു.

തീപ്പെട്ടിക്കൊള്ളിയുടെ ജി.എസ്.ടി 12 ശതമാനമായി ഏകീകരിച്ചു.അതേസമയം, ജി.എസ്.ടി സോഫ്‌റ്റ്വെയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് യോഗത്തില്‍ ഇന്‍ഫോസിസ് വിദഗ്ദ്ധര്‍ അറിയിച്ചു. സര്‍വര്‍ ശേഷി കൂട്ടാന്‍ ചൈനയില്‍ നിന്ന് അനുബന്ധ സാമഗ്രികള്‍ വരുത്തേണ്ടതുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് 1.2 ലക്ഷം കോടിയുടെ ജി.എസ്.ടി. നഷ്ടപരിഹാരം ഇതിനകം നല്‍കിയതായി യോഗത്തിനുശേഷം മന്ത്രി നിര്‍മല പറഞ്ഞു. ജി.എസ്.ടി. 9 ആര്‍., 9 ആര്‍.സി. എന്നിവയുടെ 2018-19 കാലത്തെ ഫയലിങ് ജൂണ്‍ 30-നകം നടത്തിയാല്‍ മതിയെന്നും മന്ത്രി അറിയിച്ചു. രണ്ടു കോടിയില്‍ കുറവ് വിറ്റുവരവുള്ള നികുതിദായകര്‍ക്ക് 2017-18, 2018-19 കാലത്തെ ഫയലിങ്ങിനു വൈകല്‍ പിഴ ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു.

Exit mobile version