വീരശ്രീ വെളളാപ്പളളി നടേശനെ തൊടാന്‍ ആര്‍ക്കും കഴിയില്ല, ജയ് ജയ് വെളളാപ്പളളി!; പരിഹാസവുമായി അഡ്വ ജയശങ്കര്‍

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ രംഗത്ത്. വെള്ളാപ്പള്ളി മഹാപുരുഷനാണെന്നും അദ്ദേഹത്തെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയശങ്കര്‍ വെള്ളാപ്പള്ളിയെ പരിഹസിച്ചത്. യേശുദേവനെ യൂദാസ് ഒറ്റുകൊടുത്തു; പത്രോസ് കോഴി കൂവുംമുമ്പ് മൂന്നു തവണ തളളിപ്പറഞ്ഞു എന്നാണ് ചരിത്രം. വെളളാപ്പളളി നടേശന്റെ കാര്യവും വ്യത്യസ്തമല്ലെന്നും ആദ്യം എംബി ശ്രീകുമാര്‍, പിന്നെ സികെ വിദ്യാസാഗര്‍, അതു കഴിഞ്ഞ് ഗോകുലം ഗോപാലന്‍, ഏറ്റവും അവസാനം സുഭാഷ് വാസു എന്നും ജയശങ്കര്‍ കുറിച്ചു.

ഡോ പല്‍പ്പുവിന്റെ സമുദായ സ്‌നേഹവും ടികെ മാധവന്റെ സംഘാടന വൈഭവവും സഹോദരന്‍ അയ്യപ്പന്റെ പുരോഗമന വാഞ്ഛയും ആര്‍ ശങ്കറിന്റെ കര്‍മകുശലതയും കുമാരനാശാന്റെ കാവ്യഭാവനയും ഒത്തിണങ്ങിയ മഹാപുരുഷനാണ് വീരശ്രീ വെളളാപ്പളളി നടേശന്‍ എന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഡ്വ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യേശുദേവനെ യൂദാസ് ഒറ്റുകൊടുത്തു; പത്രോസ് കോഴി കൂവുംമുമ്പ് മൂന്നു തവണ തളളിപ്പറഞ്ഞു എന്നാണ് ചരിത്രം.വെളളാപ്പളളി നടേശന്റെ കാര്യവും വ്യത്യസ്തമല്ല. ആദ്യം എംബി ശ്രീകുമാര്‍, പിന്നെ സികെ വിദ്യാസാഗര്‍, അതു കഴിഞ്ഞ് ഗോകുലം ഗോപാലന്‍, ഏറ്റവും അവസാനം സുഭാഷ് വാസു.

ഡോ പല്‍പ്പുവിന്റെ സമുദായ സ്‌നേഹവും ടികെ മാധവന്റെ സംഘാടന വൈഭവവും സഹോദരന്‍ അയ്യപ്പന്റെ പുരോഗമന വാഞ്ഛയും ആര്‍ ശങ്കറിന്റെ കര്‍മകുശലതയും കുമാരനാശാന്റെ കാവ്യഭാവനയും ഒത്തിണങ്ങിയ മഹാപുരുഷനാണ് വീരശ്രീ വെളളാപ്പളളി നടേശന്‍.

ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹവും സര്‍വ്വാഭീഷ്ട വരദായിനിയായ കണിച്ചുകുളങ്ങര ഭഗവതിയുടെ കരുണാകടാക്ഷവും അഡ്വ രാജന്‍ബാബുവിന്റെ നിയമോപദേശവും ഉളളിടത്തോളം കാലം വെളളാപ്പളളിയെ തൊടാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ടാണ് മുമ്പ് അദ്ദേഹത്തെ കളളന്‍, കളളുകച്ചവടക്കാരന്‍ എന്നൊക്കെ ആക്ഷേപിച്ച വിപ്ലവകാരികള്‍ ഇപ്പോള്‍ നവോത്ഥാന നായകനാക്കി തോളിലേറ്റി നടക്കുന്നത്.

ജയ് ജയ് വെളളാപ്പളളി!

Exit mobile version