38 യാത്രക്കാരുമായി കാണാതായ ചിലി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

സാന്റിയാഗോ: ചിലിയിൽ നിന്ന് അന്റാർട്ടിക്കയിലേക്ക് പോയ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 38 യാത്രക്കാരുമായി കാണാതായ C-130 വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. വിമാനത്തിന്റെ ഇന്ധനടാങ്കിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന. വിമാനം കാണാതായ ഡ്രേക്ക് പാസേജിൽ( അന്റാർട്ടിക്കയുടെ തെക്ക്) നിന്ന് മുപ്പത് കിലോമീറ്റർ അകലെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനം തകർന്ന് വീണതായാണ് വിദഗ്ധരുടെ നിഗമനം.

അതേസമയം, ഇത് കാണാതായ സൈനികവിമാനത്തിന്റെ ഭാഗങ്ങളാണിതെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു. കണ്ടെത്തിയ ഭാഗങ്ങൾ ചിലിയിലെത്തിച്ച് പരിശോധിക്കുമെന്നാണ് സൂചന.

തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്നവരിൽ ഏറെയും വ്യോമസേനാംഗങ്ങളാണ്. സ്വകാര്യനിർമ്മാണ കമ്പനിയിലെ രണ്ട് ഉദ്യോഗസ്ഥരും ചിലിയൻ യൂണിവേഴ്സിറ്റിയിലെ ഒരു ഉദ്യോഗസ്ഥനും മൂന്ന് കരസേനാംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.

ചിലിയുടെ സൈനികത്താവളത്തിൽ വിവിധ അറ്റകുറ്റപ്രവർത്തികൾക്കായുള്ള ഉദ്യോഗസ്ഥരുമായി അന്റാർട്ടിക്കയിലേക്ക് പുറപ്പെട്ട വിമാനം പറക്കുന്നതിനിടെയിൽ കാണാതാവുകയായിരുന്നു. യുഎസ്, ബ്രസീൽ, ഉറുഗ്വേ, അർജന്റീന, ചിലി എന്നീ രാജ്യങ്ങൾ സംയുക്തമായി വിമാനത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.

Exit mobile version