ഗതാഗത നിയമം കര്‍ശനമാക്കാനൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റില്‍ ഗതാഗത പരിഷ്‌കാരങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പോയിന്റ് സംവിധാനം കര്‍ശനമായി നടപ്പാക്കണമെന്നും പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ വിവേചനമില്ലാതെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്നതുമാണ് ഉത്തരവ്

കുവൈറ്റ്: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പോയിന്റ് സംവിധാനം കര്‍ശനമാക്കാനൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. നിശ്ചയിച്ചിരിക്കുന്ന പരിതിയില്‍ കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുന്നവര്‍ക്കെതിരെ അറസ്റ്റും നാടുകടത്തലും ഉള്‍പ്പെടെയുള്ള കനത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റില്‍ ഗതാഗത പരിഷ്‌കാരങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പോയിന്റ് സംവിധാനം കര്‍ശനമായി നടപ്പാക്കണമെന്നും പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ വിവേചനമില്ലാതെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്നതുമാണ് ഉത്തരവ്.

ഇത്തരക്കാരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കണമെന്നും വിദേശികളാണെങ്കില്‍ നാടുകടത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം ലൈസന്‍സില്ലാതെയും മദ്യപിച്ചും വാഹനമോടിക്കുന്ന വിദേശികളെ ഉടന്‍ നാടുകടത്തണമെന്നും നിര്‍ദേശമുണ്ട്. റദ്ദാക്കപ്പെട്ട ലൈസന്‍സ് ഉപയോഗിച്ചു വാഹനമോടിക്കല്‍, അശ്രദ്ധമായ ഡ്രൈവിങ് രജിസ്‌ട്രേഷന്‍ ഇല്ലാത്തതോ നമ്പര്‍ പ്ലേറ്റില്ലാത്തതോ ആയ വാഹനം ഓടിക്കല്‍ എന്നിവക്ക് മൂന്ന് പോയിന്റ് നല്‍കും.

ചെറിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉപയോഗിച്ചു ഹെവി വാഹനങ്ങള്‍ ഓടിച്ചാലും ഡ്രൈവറുടെ പേരില്‍ മൂന്നു പോയിന്റ് രേഖപ്പെടുത്തും. ഇത്തരത്തില്‍ ലഭിക്കുന്ന പോയിന്റുകള്‍ പരിധിയില്‍ കൂടുതലാകുമ്പോഴാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

Exit mobile version