സന്നിധാനത്ത് ഹോട്ടലുകളും കൗണ്ടറുകളും അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല; ഡിജിപി

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ഹോട്ടലുകളും കൗണ്ടറുകളും രാത്രി അടയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. ശബരിമല സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും അന്നദാനകേന്ദ്രങ്ങളും പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകളും രാത്രി 11 മണിക്ക് അടയ്ക്കണമെന്ന നിയന്ത്രണം പോലീസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഡിജിപി അറിയിച്ചു. പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല നടയടച്ച ശേഷം 11 മണിയോടെ ഹോട്ടലടക്കമുള്ള എല്ലാ കടകളും പൂട്ടണമെന്നും പ്രസാദ വിതരണ കൗണ്ടറുകള്‍ രാത്രി പത്തിന് ശേഷം പ്രവര്‍ത്തിക്കരുതെന്നും പോലീസ് നിര്‍ദേശമുണ്ടെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞിരുന്നു. ഇതില്‍ ദേവസ്വം ബോര്‍ഡും അതൃപ്തി അറിയിച്ചിരുന്നു. ദേവസ്വംബോര്‍ഡിന് വലിയ വരുമാനം നല്‍കുന്ന കേന്ദ്രങ്ങളാണ് അപ്പം-അരവണ കൗണ്ടറുകളും അന്നദാനകേന്ദ്രങ്ങളും. അത്‌കൊണ്ട് 11 മണിക്ക് ശേഷം നിയന്ത്രണം ഏര്‍പ്പെടുത്തിയത് ബുദ്ധിമുട്ടാക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു.

രാത്രിയിലാണ് കച്ചവടം സാധാരണ രീതിയില്‍ കൂടുന്നത്, അതിനാല്‍ രാത്രിയിലുള്ള നിയന്ത്രണത്തില്‍ പ്രതിഷേധവുമായി വ്യാപാരികളും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ വിശദീകരണം.

Exit mobile version