ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഷാര്‍ജയില്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു

പുഞ്ചിരി എന്നര്‍ത്ഥം വരുന്ന അല്‍ ഇബ്തിസാമ സ്‌കൂളിന്റെ പ്രവര്‍ത്തനം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള വില്ലയിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്

ഷാര്‍ജ: ഷാര്‍ജയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍കുള്ള സ്‌കൂള്‍ തുടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയോഷന്റെ കീഴിലാണ് സ്‌കൂള്‍ തുടങ്ങുന്നത്. പുഞ്ചിരി എന്നര്‍ത്ഥം വരുന്ന അല്‍ ഇബ്തിസാമ സ്‌കൂളിന്റെ പ്രവര്‍ത്തനം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള വില്ലയിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആറു മുതല്‍ 15 വയസു വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കാണു അല്‍ ഇബ്തിസാമയില്‍ പ്രവേശനം. ഈ സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 20ഓളം അധ്യാപകര്‍ ഉണ്ട്.

അമേരിക്കയിലും കേരളത്തിലും ഭിന്നശേഷിക്കാരുടെ സ്‌കൂളുകള്‍ക്ക് നേതൃത്വം നല്‍കിയ കണ്ണൂര്‍ സ്വദേശി ജയനാരായണനാണ് പ്രിന്‍സിപ്പാള്‍. ഈ സ്‌കൂളിലെ അധ്യാപകരെല്ലാം മലയാളികളാണ്. 60 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണു ക്ലാസ്. ഫിസിയോ തെറപ്പി വിഭാഗം വൈകിട്ട് 4.30 വരെയും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രക്ഷിതാക്കള്‍ക്കും സ്‌കൂളില്‍ പരിശീലനം നല്‍കുന്നുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഏറെ കാലത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിന് വേണ്ടി ഈ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചതെന്ന് അധികൃതര്‍ അറിയച്ചു.

Exit mobile version