മണ്ണിനടിയില്‍പ്പെട്ട ഉറ്റവരെ ഒരു നോക്ക് കാണാന്‍ വീടിന്റെ അടയാളമുള്ളിടത്ത് വിങ്ങലോടെ കാത്തിരിക്കുന്ന നായ; കണ്ണീരണിയിച്ച ചിത്രം

തന്റെ വീടുകിടന്നതിന്റെ അടയാളമായി ഒന്നും അവശേഷിച്ചിട്ടില്ലെങ്കിലും അവിടെ എവിടെയോ ഉറ്റവരുണ്ടെന്നുള്ള ഉറപ്പില്‍ മനുഷ്യര്‍ക്കിടയില്‍ ഒരു നായയും തേടുകയാണ്

മലപ്പുറം: സംസ്ഥാനത്ത് ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തം വിതച്ച കവളപ്പാറയില്‍ മണ്ണിനടിയില്‍ പൊലിഞ്ഞ ഉറ്റവരെ ഒരുനോക്കു കാണാന്‍ തേങ്ങലോടെ കാത്തുനില്‍ക്കുന്നവരുടെ വാര്‍ത്തകാളാണ് പുറത്ത് വരുന്നത്. ഇക്കൂട്ടത്തില്‍ തന്റെ കുടുംബത്തെ തേടി ഒരു നായയുമുണ്ട്. പ്രമുഖ മാധ്യമമായ ‘ദ ഹിന്ദു’ വാണ് ചിത്രത്തോടൊപ്പം ഈ വാര്‍ത്ത പുറത്ത് വിട്ടത്. തന്റെ വീടുകിടന്നതിന്റെ അടയാളമായി ഒന്നും അവശേഷിച്ചിട്ടില്ലെങ്കിലും അവിടെ എവിടെയോ ഉറ്റവരുണ്ടെന്നുള്ള ഉറപ്പില്‍ മനുഷ്യര്‍ക്കിടയില്‍ ഒരു നായയും തേടുകയാണ്.

യജമാനനെയും കാത്ത് വീടിന്റെ അടയാളമുള്ളിടത്ത് മണ്ണിനുമുകളില്‍ കാത്തിരിക്കുന്ന നായയുടെ ചിത്രം വേദനയോടെയല്ലാതെ കാണാന്‍ കഴിയില്ല. ഒറ്റരാത്രികൊണ്ട് തനിച്ചായി പോയ മനുഷ്യര്‍ക്കിടയില്‍ ഈ നായയും കണ്ണീരിണിയിക്കുകയാണ്.

കവളപ്പാറയില്‍ ശിവന്‍ പള്ളത്തിന്റെ വീട്ടിലി വളര്‍ത്തുനായാണ് തന്റെ പ്രിയപ്പെട്ടവരെ തേടി ഇരിക്കുന്നത്. ഒറ്റ രാത്രി കൊണ്ട് നാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ അവനെ മാത്രം ബാക്കിയാക്കി ആ അഞ്ചംഗകുടുംബം മണ്ണിനടിയിലായി. ശിവന്റെ അച്ഛന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇനിയും ആ കുടുംബത്തിലെ നാലുപേരെ കൂടി കണ്ടെത്താനുമുണ്ട്.

ശിവന്റെ വീടിരിക്കുന്നതിന്റെ അടയാളം ആ നായയാണ്. വീടുകള്‍ എവിടെയെക്കെയാണെന്നറിയാതെ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുമ്പോള്‍ കൃത്യമായി മണ്ണിനടിയിലകപ്പെട്ട തന്റെ വീടിന്റെ മുകളില്‍ കയറിയിരിക്കുകയാണ് ഈ നായ.

Exit mobile version