ബാക്കിയായത് മണ്ണില്‍ കുതിര്‍ന്ന ഒരു തുണ്ട് കടലാസ്, അതില്‍ എഴുതിയിരിക്കുന്നത് അച്ഛന്റെയും അമ്മയുടെയും പേര്; ഇവിടെയുണ്ട് ഞങ്ങളുടെ മാതാപിതാക്കള്‍, ഉറപ്പിച്ച് സുമോദും സുമേഷും

മഴ കനത്തപ്പോള്‍ മരുമക്കളെയും ചെറുമക്കളെയും സുകുമാരനും രാധാമണിയും അവരുടെ വീടുകളിലേക്ക് പറഞ്ഞയിച്ചിരുന്നു.

മലപ്പുറം: മലപ്പുറം കവളപ്പാറയില്‍ ഇപ്പോഴും ദുരിതം തുടരുകയാണ്. മണ്ണിടിഞ്ഞ് മൂടിപോയ ഇടങ്ങളില്‍ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും അന്വേഷിച്ച് നടക്കുകയാണ് പലരും. ഇപ്പോള്‍ അത്തരത്തിലൊരു നെമ്പരപ്പെടുത്തുന്ന അവസ്ഥയാണ് സഹോദരങ്ങളായ സുമോദിനും സുമേഷിനും. മണ്ണിനടിയില്‍ പെട്ടുപോയ തന്റെ മാതാപിതാക്കളെ അന്വേഷിച്ച് നടക്കുകയായിരുന്നു ഇവര്‍.

വീട് ഇരുന്ന ഇടം ഒരു അടയാളം പോലും ഇല്ലാതെ കണ്ടെത്താനുള്ള ഇവരുടെ ശ്രമത്തിന് ഒരു കച്ചിതുരുമ്പ് ലഭിച്ചു. അച്ഛന്റെയും അമ്മയുടെയും പേര് എഴുതിയ ഒരു തുണ്ട് കടലാസ് കഷണം. ഇതോടെ അവര്‍ ഉറപ്പിച്ചു ഇവിടെയുണ്ട് തങ്ങളുടെ അച്ഛനും അമ്മയും. മണ്ണില്‍ പുതഞ്ഞ നിലയിലായിരുന്നു കടലാസ് കഷണം. മുത്തപ്പന്‍ മല ഉരുള്‍പൊട്ടി വീടുകള്‍ക്ക് മുകളിലേക്ക് ഇടിച്ചിറങ്ങുമ്പോള്‍ ഇവരുടെ അച്ഛന്‍ സുകുമാരനും അമ്മ രാധാമണിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മഴ കനത്തപ്പോള്‍ മരുമക്കളെയും ചെറുമക്കളെയും സുകുമാരനും രാധാമണിയും അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചിരുന്നു. ഇവരെ കൊണ്ടുവിടാന്‍ പോയതായിരുന്നു സഹോദരങ്ങള്‍. തിരിച്ചെത്തിയപ്പോള്‍ കണ്ടത് ഒരു മണ്‍കൂന മാത്രമായിരുന്നു. വീടിരുന്ന സ്ഥലം ഒന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തില്‍ മണ്ണിടിഞ്ഞ് കിടക്കുകയായിരുന്നു. കൈക്കോട്ടുപയോഗിച്ച് ആദ്യം മണ്ണ് മാറ്റാന്‍ ശ്രമം നടത്തി. എന്നാല്‍ അത് വിഫലമായി. മണ്ണുമാന്തികളെത്താതെ ഒന്നും സാധ്യമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവസാനമായി ഒരു നോക്ക് മാതാപിതാക്കളുടെ മൃതദേഹം കാണണമെന്ന് മാത്രമാണ് ആഗ്രഹമെന്ന് രണ്ട് പേരും പറയുന്നു.

Exit mobile version