പുരുഷന്മാര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന്‌ ഓസ്‌കര്‍ നടന്‍ കെവിന്‍ സ്‌പേസിയ്‌ക്കെതിരെ കേസ്

ലണ്ടന്‍ : ഓസ്‌കര്‍ ജേതാവായ ഹോളിവുഡ് നടന്‍ കെവിന്‍ സ്‌പേസി(62)യ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് ബ്രിട്ടീഷ് പോലീസ്. 2005 മാര്‍ച്ചിനും 2013 ഏപ്രിലിനുമിടയില്‍ മൂന്ന് പുരുഷന്മാരെ നടന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. ആകെ അഞ്ച് കേസാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

40,30 വയസ്സുള്ള പുരുഷന്മാരെയാണ് നടന്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. നാല് കുറ്റങ്ങള്‍ ലണ്ടനിലും ഒന്ന് ഗ്ലൗസെസ്റ്റര്‍ഷെയറിലുമാണ് നടന്നിരിക്കുന്നത്. ഒരാളുമായി അനുമതിയില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് കുറ്റം ചുമത്താന്‍ കഴിഞ്ഞ മാസം പ്രോസിക്യൂട്ടര്‍മാര്‍ അനുമതി നല്‍കിയിരുന്നു. നടനെ വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

കെവിനെതിരെ ലൈംഗികാരോപണങ്ങളുമായി ഇരുപതോളം പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ ആരോപണങ്ങള്‍ പുറത്ത് വന്നതോടെ ഹൗസ് ഓഫ് കാര്‍ഡ്‌സ് എന്ന ടിവി ഷോയില്‍ നിന്നും ഓള്‍ ദ മണി ഇന്‍ വേള്‍ഡ് എന്ന ചിത്രത്തില്‍ നിന്നും കെവിനെ നീക്കിയിരുന്നു.

ദി യൂഷ്വല്‍ സസ്‌പെക്ട്‌സ്, അമേരിക്കന്‍ ബ്യൂട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 1990കളില്‍ ഓസ്‌കര്‍ നേടിയിട്ടുള്ളയാളാണ് കെവിന്‍. ലൈംഗികാരോപണങ്ങള്‍ക്ക് ശേഷം ഇയാള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും ഏത് വിചാരണയും നേരിടാന്‍ തയ്യാറാണെന്നുമാണ് ആരോപണങ്ങളോട് സ്‌പേയ്‌സിയുടെ പ്രതികരണം.

Exit mobile version