ചരിത്രം തിരുത്തി കുറിച്ചു, 200 കോടി ക്ലബിലേക്ക് ലൂസിഫര്‍; പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു

'ഒരേ ഒരു സാമ്രാജ്യം ഒരേ ഒരു രാജാവ്' എന്ന തലക്കെട്ടോട് കൂടിയ പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് പൃഥ്വിരാജ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ വീണ്ടും ചരിത്ര നേട്ടത്തിലേക്ക്. ചിത്രം റിലീസ് ചെയ്ത് 21 ദിവസം കൊണ്ട് നേടിയത് 150 കോടി രൂപയാണ്. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഒരേ ഒരു സാമ്രാജ്യം ഒരേ ഒരു രാജാവ്’ എന്ന തലക്കെട്ടോട് കൂടിയ പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് പൃഥ്വിരാജ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. അധികം വൈകാതെ ചിത്രം 200 കോടി ക്ലബിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തേ എട്ട് ദിവസം കൊണ്ട് ചിത്രം നൂറുകോടി ക്ലബില്‍ ഇടം നേടി ചരിത്രം കുറിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോള്‍ 21 ദിവസം കൊണ്ട് 150 കോടി രൂപ നേടി വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകന്‍ ആണ് ആദ്യമായി 100 കോടിയിലധികം സ്വന്തമാക്കിയ മലയാള ചിത്രം. മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തീയ്യേറ്ററിലെത്തിയത്.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടെത്തിയ ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു, നന്ദു, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, സംവിധായകന്‍ ഫാസില്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

Exit mobile version