കേരളത്തില്‍ മാത്രം കാല്‍ലക്ഷം പ്രദര്‍ശനങ്ങള്‍; വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി ലൂസിഫര്‍

നേരത്തേ റിലീസ് ചെയ്ത് എട്ട് ദിവത്തിനുള്ളില്‍ ലൂസിഫര്‍ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു

പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ലൂസിഫറി’ന് വീണ്ടും റെക്കോര്‍ഡ് നേട്ടം. കേരളത്തില്‍ മാത്രമായി കാല്‍ലക്ഷം പ്രദര്‍ശനങ്ങളാണ് നടന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്തിയ മൂന്ന് ചിത്രങ്ങളിലൊന്നായി ഇതോടെ ലൂസിഫര്‍ ഇടംപിടിച്ചു കഴിഞ്ഞു. നേരത്തേ ഈ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ പുലിമുരുകനും ദൃശ്യവുമാണ്. ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനകം കാല്‍ ലക്ഷം പ്രദര്‍ശനങ്ങള്‍ നടത്തിയതോടെ പുലിമുരുകന്റെ റെക്കോര്‍ഡും ലൂസിഫര്‍ തകര്‍ത്തിരിക്കുകയാണ്.

നേരത്തേ റിലീസ് ചെയ്ത് എട്ട് ദിവത്തിനുള്ളില്‍ ലൂസിഫര്‍ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. വെറും 21 ദിവസം കൊണ്ട് ചിത്രം 150 കോടി ക്ലബിലും ഇടംനേടിയിരുന്നു. ഇങ്ങനെ പോവുകയാണേല്‍ ചിത്രം 200 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായാണ് ചിത്രത്തില്‍ എത്തിയത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത്.ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, സംവിധായകന്‍ ഫാസില്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍, നന്ദു, സായ്കുമാര്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മാര്‍ച്ച് 28നാണ് ചിത്രം തീയ്യേറ്ററിലെത്തിയത്.

Exit mobile version