മണിക്കൂറുകള്‍ നീണ്ട പരിശ്രമം സഫലം: കണ്ണൂരില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കണ്ണൂര്‍:ശ്രീകണ്ഠാപുരം ചന്ദനക്കാംപാറയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടാനയെ രക്ഷപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ചന്ദനക്കാംപാറയില്‍ ഷിമോഗ കോളനിയിലെ ചന്ദ്രന്റെ പറമ്പിലെ പൊട്ടക്കിണറ്റില്‍ കാട്ടാന വീണത്.

മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം യന്ത്രം തകരാറിലായതോടെ വിഫലമായി. ശേഷം വൈകിട്ട് 6 മണിയോടെ കിണറിന് ചുറ്റുമുള്ള മണ്ണിടിച്ച് നിരത്തി ആനയെ കരയ്ക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങുകയായിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി മോശമായതും പ്രതികൂല കാലവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തിയിരുന്നു.

രാവിലെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. കാട്ടാന ശല്യം രൂക്ഷമായ പ്രദേശത്ത് നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ശേഷം ജില്ലാ ഓഫീസര്‍ എത്തി കാട്ടാനകളിറങ്ങി കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഒരാഴ്ചക്കകം നഷ്ടപരിഹാരവും കാട്ടാനകളെ അകറ്റാന്‍ സോളാര്‍ ഫെന്‍സ് എന്നിവ ഉറപ്പ് നല്‍കിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

Exit mobile version