മക്കളുടെ വിവാഹദിനത്തില്‍ 30 ഭൂരഹിതര്‍ക്ക് സൗജന്യമായി ഭൂമി ; കാരുണ്യത്തിന്റെ മാതൃകയായി ലീഗ് നേതാവ് അസീസ് ബഡായില്‍

മുണ്ടക്കയം: മക്കളുടെ വിവാഹദിനത്തില്‍ മനസ്സുനിറച്ച് കാരുണ്യവുമായി ഭൂരഹിതര്‍ക്ക് നാലു സെന്റ് ഭൂമി വീതം സൗജന്യമായി നല്‍കി മാതൃകയായി പിതാവ്. മുണ്ടക്കയത്താണ് കാരുണ്യത്തിന്റെ സുമനസ് നിറഞ്ഞ കല്യാണം.

വ്യവസായിയും മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റുമായ അസീസ് ബഡായിലും
ഭാര്യ സുനിതയുമാണ് ആ നന്മ നിറഞ്ഞ മാതാപിതാക്കള്‍. അവരുടെ മക്കളായ ഡോക്ടര്‍ നാസിയയെ ഹിസാം താലി ചാര്‍ത്തുമ്പോള്‍ സഹോദരനായ ഡോക്ടര്‍ നവീദിന് ആഷിക വധുവാകും. ഇരുവരുടെയും വിവാഹം ഓഗസ്റ്റ് മാസത്തിലാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. മകള്‍ നാസിയയെ പത്തനാപുരം സ്വദേശി എന്‍ജിനീയര്‍ ഹിസാമാണ് വിവാഹം കഴിക്കുന്നത്. കാസര്‍ഗോഡ് പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയുടെ മകള്‍ കല്ലട്രയില്‍ ഫാഷന്‍ ഡിസൈനര്‍കൂടിയായ ആഷികയാണ് മകന്‍ നവീദിന്റെ വധു.

മക്കളുടെ വിവാഹം ആലോചിച്ചപ്പോള്‍ തന്നെ സാധാരണക്കാരെ ഏതു തരത്തില്‍ സഹായിക്കണമെന്ന ആലോചനയായിരുന്നെന്ന് അസീസ് പറയുന്നു. ഒടുവില്‍ ഭൂരഹിതര്‍ക്ക് വീട് വക്കാന്‍ സ്ഥലം നല്‍കാമെന്നത് തീരുമാനിച്ചു. തന്റെ തീരുമാനത്തിനൊപ്പം ഭാര്യ സുനിതയും മക്കളും ഒപ്പം കൂടിയതോടെ കൂട്ടിക്കല്‍ ടൗണിനു സമീപം ഇതിനായി ഒന്നേകാല്‍ ഏക്കര്‍ ഭൂമി മാറ്റി വക്കുയായിരുന്നു. 30 പേര്‍ക്ക് ഭൂമി നല്‍കുന്നിനായി ലഭിച്ചത് നൂറോളം അപേക്ഷകളാണ്. ഇതില്‍ നിന്നും പൂര്‍ണ്ണമായി ഭൂരഹിതരെന്നു ഉറപ്പുവരുത്തിയാണ് 30 പേരെ തെരഞ്ഞെടുത്തത്.

ജൂലായ് രണ്ടാംവാരത്തോടെ തെരഞ്ഞെടുക്കപെട്ടവരുടെ പേരിലേക്കു ആധാരം ചെയ്തു നല്‍കും. വിവിധ മതങ്ങളില്‍പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭൂരഹിതരാണ് തെരഞ്ഞെടുക്കപെട്ടിരിക്കുന്നത്. കൂട്ടിക്കല്‍- പൂഞ്ഞാര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമീപമാണ് മുപ്പതുംപേര്‍ക്കും സ്ഥലം നല്‍കുന്നത്

Exit mobile version