കീഴുദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ സല്യൂട്ടടിച്ച് ഡിജിപി: അപൂര്‍വ കാഴ്ചയുടെ കാരണം ഇങ്ങനെ

തൃശ്ശൂര്‍: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കീഴുദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ സല്യൂട്ടടിച്ച അപൂര്‍വ കാഴ്ചയുടെ കാരണം തേടുകയാണ് സോഷ്യല്‍ലോകം. തൃശൂര്‍ രാമവര്‍മപുരത്തെ പോലീസ് അക്കാദമിയിലാണ് ആ അപൂര്‍വ്വ സംഭവം നടന്നത്.

എഡിജിപി ബി സന്ധ്യ, ഐജി: ബല്‍റാംകുമാര്‍ ഉപാധ്യായ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറും ഡിഐജിയുമായ അനൂപ് കുരുവിള ജോണ്‍, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കു മുമ്പിലായിരുന്നു ഡിജിപിയുടെ സല്യൂട്ടടി.

പക്ഷേ, സല്യൂട്ട് കിട്ടിയത് കീഴുദ്യോഗസ്ഥര്‍ക്കല്ലെന്നു മാത്രം. ഡിജിപിയുടെ സല്യൂട്ട് ഡിജിപിയ്ക്കു തന്നെയായിരുന്നു. സല്യൂട്ടടിക്കാന്‍ പഠിപ്പിക്കുന്ന ‘ഡ്രില്‍ നഴ്‌സറി’യിലെ കണ്ണാടിയില്‍ സ്വന്തം പ്രതിബിംബത്തെ നോക്കിയായിരുന്നു ബഹ്‌റയുടെ സല്യൂട്ട്.

വൃത്തിയായി സല്യൂട്ടടിക്കാന്‍ പോലീസുകാരെ പഠിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ സംരംഭമാണിത്. പേര് ഡ്രില്‍ നഴ്‌സറി. സല്യൂട്ടിന്റെ പോരായ്മകള്‍ കണ്ണാടിയില്‍ നോക്കി തിരുത്താന്‍ പരിശീലകരുണ്ട്. ഡിജിപിയുടെ സല്യൂട്ടടിക്കല്‍ പരിശീലനം കണ്ട ചില കീഴുദ്യോഗസ്ഥര്‍ അടക്കം പറഞ്ഞു. ”ഭാഗ്യം, നമ്മളൊക്കെ പരിശീലനം നേരത്തെ പൂര്‍ത്തിയാക്കിയത് നന്നായി. ഇല്ലെങ്കില്‍ കണ്ണാടിയെ നോക്കി സല്യൂട്ടടിച്ച് വിയര്‍ത്തേനെ”.

Exit mobile version