സ്‌ഫോടനത്തെ അതിജീവിച്ച നാഗമ്പടം പാലം വീണ്ടും പൊളിക്കാന്‍ നീക്കം; ശനിയാഴ്ച മുറിച്ചുനീക്കും, ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും

കോട്ടയം: കഴിഞ്ഞമാസം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ച നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം ശനിയാഴ്ച വീണ്ടും മുറിച്ചുനീക്കും. ആദ്യം പാലത്തിന്റെ ആര്‍ച്ചുകളാണ് പൊളിച്ചുനീക്കുന്നത്. പിന്നീട് പാലം നാലായി മുറിച്ചു നീക്കാനാണ് പദ്ധതി. ശനിയാഴ്ച കോട്ടയം വഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ച് വിടാനാണ് തീരുമാനം.

പാലം നിലവിലെ അവസ്ഥയില്‍ നിന്ന് ഏതാനും മീറ്റര്‍ ഉയര്‍ത്തിയ ശേഷം കട്ടര്‍ ഉപയോഗിച്ച് മുറിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗാതാഗതം തടസപ്പെടും. ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചു.

രണ്ടു തവണയായി നടത്തിയ നിയന്ത്രിത സ്‌ഫോടനത്തിലും പാലം തകര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീണ്ടും സ്‌ഫോടനം നടത്തിയാല്‍ പുതിയ പാലത്തിന് ബലക്ഷയമുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് പഴയ പാലം പൊളിച്ചുനീക്കുന്നത്.

കഴിഞ്ഞ മാസം പഴയപാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടടെ പദ്ധതി താല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു. ചെറുസ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.

Exit mobile version