ശബരിമലയില്‍ ഭക്തജനത്തിരക്ക്: സന്നിധാനത്ത് സുരക്ഷ ശക്തമാക്കി

ശബരിമല: ഇടവമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ഭക്തജനത്തിരക്ക്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുലര്‍ച്ചെ അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചത്. തുടര്‍ന്ന് നിര്‍മ്മാല്യവും അഭിഷേകവും ഗണപതി ഹോമവും പതിവ് പൂജകളും നടന്നു.

കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേരുന്നത്. അതേസമയം യുവതി പ്രവേശനം സംബന്ധിച്ച ആശങ്കള്‍ ഒഴിയുന്നില്ല. അതിനാല്‍ കര്‍ശന സുരക്ഷയിലാണ് സന്നിധാനവും പരിസരങ്ങളും.

മെയ് 19 ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ ഇടവമാസ പൂജകള്‍ക്ക് സമാപനമാകും. അതുവരെ എല്ലാ ദിവസവും നെയ്യഭിഷേകം, കളകാഭിഷേകം, ഉദയാസ്തമന പൂജ, പടിപൂജ തുടങ്ങിയവ ഉണ്ടാകും.

Exit mobile version