ചട്ടം കര്‍ശനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; താരപ്രചാരകരുടെ ചെലവ് സ്ഥാനാര്‍ഥികളുടെ കണക്കില്‍ ഉള്‍പ്പെടുത്തണം

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് എത്തുന്ന താര പ്രചാരകരുടെ പട്ടിക നല്‍കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സൂപ്പര്‍സ്റ്റാറും രാജ്യസഭാംഗവുമായ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ടിവി അനുപമയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.

പ്രചാരണത്തിന് വരാന്‍ സാധ്യതയുള്ള താരപ്രചാരകരുടെയും പട്ടിക ഓരോ സ്ഥാനാര്‍ത്ഥിയും സമര്‍പ്പിക്കണം. താരപ്രചാരകര്‍ സ്ഥാനാര്‍ഥികളുമായി വേദി പങ്കിട്ടാല്‍ അവരുമായി ബന്ധപ്പെട്ട ചെലവ് സ്ഥാനാര്‍ത്ഥിയുടെ ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുമെന്ന് യോഗത്തില്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നിരീക്ഷകന്‍ എസ് രംഗരാജന്‍ നിര്‍ദേശിച്ചു.

സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ സംബന്ധിച്ച പരിശോധന 13,17,21 തീയതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 മുതല്‍ 1 വരെയും ഉച്ചയ്ക്ക് ശേഷം 2.30 മുതലുമാണ് പരിശോധന. വോട്ടെടുപ്പ് ദിവസത്തേയും ചെലവ് സ്ഥാനാര്‍ഥികളുടെ കണക്കില്‍ ഉള്‍പ്പെടുത്തും.

തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. 10,000 രൂപയ്ക്ക് മുകളിലുള്ള യാതൊരു ഇടപാടുകളും ഒരു വ്യക്തിക്ക് ഒറ്റ ദിവസം നേരിട്ട് പണമായി നല്‍കരുത്. പണമിടപാടുകള്‍ക്കായി ഉപയോഗിക്കുന്ന വൗച്ചറുകളില്‍ സീരിയല്‍ നമ്പറുകള്‍ വേണം. പണം നല്‍കുന്ന വ്യക്തിയുടെ പേരും മേല്‍വിലാസവും കൃത്യമായി രേഖപ്പെടുത്തണം.

തെരഞ്ഞെടുപ്പ് ചെലവില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ പാരിതോഷികങ്ങളോ നല്‍കുന്നത് നിയമവിരുദ്ധമാണ്. ഇവ ഒരു തരത്തിലും നല്‍കരുത്. പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടപ്രകാരം കുറ്റകരമാണ്. സ്ഥാനാര്‍ഥികള്‍ ചെലവുകളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ശബരിമലയും അയ്യപ്പനെയും മുന്‍നിര്‍ത്തി വോട്ട് തേടിയ സുരേഷ് ഗോപിയുടെ നടപടി ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെ എതിര്‍ത്ത ജില്ല കലക്ടര്‍ ടിവി അനുപമയ്‌ക്കെതിരെ വ്യക്തിപരമായ അധിക്ഷേപമാണ് ബിജെപി നേതാക്കള്‍ ഉന്നയിച്ചത്.

മതം, ജാതി എന്നിവ ഉപയോഗിച്ച് വോട്ട് തേടരുതെന്ന് കമ്മീഷന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അത് ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഇന്ന് നടന്ന പ്രചാരണത്തിനിടെയും സുരേഷ് ഗോപി, ശ്രീരാമന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Exit mobile version