ലീഗ്-എസ്ഡിപിഐ രഹസ്യകൂടിക്കാഴ്ച യാദൃശ്ചികം: കുഞ്ഞാലിക്കുട്ടിയും ഇ.ടിയും വിശദീകരണം നല്‍കി; അതൃപ്തിയറിയിച്ച് ലീഗ് നേതാക്കള്‍

മലപ്പുറം: മുസ്ലിം ലീഗ്-എസ്ഡിപിഐ രഹസ്യ ചര്‍ച്ചയില്‍ വിശദീകരണവുമായി പികെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും. കൂടിക്കാഴ്ച യാദൃശ്ചികം ആയിരുന്നുവെന്നാണ് വിശദീകരണം. മലപ്പുറം, പൊന്നാനി സംയുക്ത പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് വിശദീകരണം നല്‍കിയത്.

അതേസമയം, കൂടിക്കാഴ്ചയില്‍ ഒരു വിഭാഗം ലീഗ് നേതാക്കള്‍ പാണക്കാട് ഹൈദരലി തങ്ങളെ അതൃപ്തി അറിയിച്ചു. യുവനേതാവ് നജീബ് കാന്തപുരം രൂക്ഷമായാണ് ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചത്. പോപുലര്‍ ഫ്രണ്ടിനെ പരസ്യമായി വിമര്‍ശിക്കുന്ന കെഎം ഷാജി, എംകെ മുനീര്‍ തുടങ്ങിയവര്‍ പാണക്കാട് ഹൈദരലി തങ്ങളെ ഫോണില്‍വിളിച്ച് വിയോജിപ്പ് അറിയിച്ചു. എംകെ മുനീറും കെഎം ഷാജിയും അതൃപ്തിയറിച്ചതോടെ രാഷ്ട്രീയമായി മാത്രമല്ല സംഘടനാ പരമായും ലീഗ് പ്രതിസന്ധിയിലായെന്നാണ് വിലയിരുത്തല്‍.

ഒരേസമയം ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി പിന്തുണക്കുകയും വളര്‍ത്തുകയും ചെയ്യുന്നുവെന്ന ആക്ഷേപം ശരിവെക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന കൊണ്ടോട്ടി കെടിഡിസി ടാര്‍മെറിന്റ് ഹോട്ടലിലെ ലീഗ് നേതാക്കളുടെ ദൃശ്യങ്ങള്‍.

തിരഞ്ഞെടുപ്പുകാലത്ത് കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ വിശദീകരിക്കാനാവാതെ മുസ്ലിം ലീഗ് നേത ാക്കള്‍ ഒന്നടങ്കം പ്രതിരോധത്തിലായി. ഇതാണ് പികെ കുഞ്ഞാലിക്കുട്ടിയ്ക്കും ഇ.ടി മുഹമ്മദ് ബഷീറിനുമെതിരേ പാര്‍ട്ടിയില്‍ ഒരുവിഭാഗം രംഗത്തെത്താന്‍ ഇടയാക്കിയത്.

മലപ്പുറത്തും പ്രത്യേകിച്ച് പൊന്നാനിയിലും എസ്ഡിപിഐ ബന്ധം തിരിച്ചടിയുണ്ടാക്കുമെന്നാണ് മുസ്ലിം ലീഗിന്റെയും വിലയിരുത്തല്‍. പോപുലര്‍ ഫ്രണ്ടുമായുള്ള ലീഗിന്റെ രഹസ്യബന്ധത്തില്‍ സമസ്ത നേതാക്കളും ആശ്ചര്യത്തിലാണ്. മുസ്ലിം ലീഗിലെ മുജാഹിദ് അനുകൂലികളാണ് ഇതിനുപിന്നിലെന്നാണ് സമസ്ത നേതാക്കള്‍ കരുതുന്നത്.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു മുസ്ലീം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലിലെ നൂറ്റിയഞ്ചാം നമ്പര്‍ മുറിയില്‍ വച്ച് രാത്രി എട്ടരയോടെയായിരുന്നു കൂടിക്കാഴ്ച്ച.

നേരത്തെ, മുസ്ലീംലീഗും എസ്ഡിപിഐയും തമ്മില്‍ രഹസ്യചര്‍ച്ച നടന്നെന്ന വാദം മുസ്ലീം ലീഗ് തള്ളിയിരുന്നു. കൊണ്ടോട്ടി കെടിഡിസി ഹോട്ടലില്‍ വച്ച് യാദൃശ്ചികമായാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടെതെന്ന ഇടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം തൃപ്തികരമാണെന്നായിരുന്നു മുസ്ലീംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചത്.

Exit mobile version