തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസുവിനെ മാറ്റണം; പുതിയ കമ്മീഷണറെ ഉടന്‍ നിയമിക്കാനും ഹൈക്കോടതി നിര്‍ദേശം

കൊച്ചി: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ കമ്മീഷണറുടെ നിയമനം വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് എന്‍ വാസുവിനെ ഉടന്‍ മാറ്റണമെന്നും പുതിയ കമ്മീഷണര്‍ നിയമന പട്ടിക നാളെ തന്നെ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

പുതിയ പട്ടിക നാളെ സമര്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ദേവസ്വം കമ്മീഷണര്‍ നിയമനം കാരണമില്ലാതെ വൈകിപ്പിക്കുന്നു എന്നാണ് സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനം. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ചില ഹര്‍ജികള്‍ പരിഗണിക്കവെ ആണ് കമ്മീഷണര്‍ നിയമനം വൈകിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പരാമര്‍ശം നടത്തിയത്.

ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിന്റെ കാലാവധി ഇക്കഴിഞ്ഞ ജനുവരി 31ന് അവസാനിച്ച സാഹചര്യത്തില്‍ പുതിയ പട്ടിക സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പട്ടിക സമര്‍പ്പിക്കാന്‍ അനുവദിച്ച സമയം അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

Exit mobile version