ഇടമലയാര്‍ ആനവേട്ടക്കേസ്: മുഖ്യപ്രതിയുടെ ഭര്‍ത്താവും മകളും അറസ്റ്റില്‍; ഒരുകോടിയുടെ ശില്പങ്ങളും മൂന്നുകിലോ ആനക്കൊമ്പും കണ്ടെടുത്തു

കൊല്‍ക്കത്ത: ഇടമലയാര്‍ ആനവേട്ടക്കേസിലെ മുഖ്യപ്രതിയുടെ ഭര്‍ത്താവും മകളും ആനക്കൊമ്പ് ശില്‍പ്പങ്ങളുമായി പിടിയില്‍. ആനവേട്ടക്കേസിലെ മുഖ്യപ്രതി സിന്ധു എന്ന തങ്കച്ചിയുടെ ഭര്‍ത്താവായ തിരുവനന്തപുരം സ്വദേശി സുധീഷ് ചന്ദ്രബാബുവും മകള്‍ അമിതാ ബാബുവുമാണ് കൊല്‍ക്കത്തയില്‍അറസ്റ്റിലായത്.

ഇടമലയാര്‍ ആനവേട്ടക്കേസില്‍ സിന്ധു എന്ന തങ്കച്ചിയാണ് മുഖ്യകണ്ണിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വര്‍ഷങ്ങളായി ഒളിവില്‍കഴിയുന്ന ഇവര്‍ കൊല്‍ക്കത്ത കേന്ദ്രമാക്കിയാണ് രാജ്യാന്തര ആനക്കൊമ്പ് കളളക്കടത്ത് നടത്തുന്നത്. തങ്കച്ചിക്കായുളള അന്വേഷണം തുടരുന്നതിനിടെയാണ് ഭര്‍ത്താവിനെയും മകളെയും ആനക്കൊമ്പുകളുമായി കൊല്‍ക്കത്ത ദേശീയപാതയില്‍ ഡിആഐ പിടികൂടിയത്. വാഹനത്തില്‍ നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന മൂന്നുകിലോ ആനക്കൊമ്പും കണ്ടെടുത്തു.

തുടര്‍ന്ന് ഇവര്‍ തന്നെ നല്‍കിയ വിവരമനുസരിച്ച് കൊല്‍ക്കത്തയിലെ മറ്റൊരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് നിരവധി ആനക്കൊമ്പ് ശില്‍പങ്ങളും മറ്റും കണ്ടെടുത്തത്. ഒരുകോടിയില്‍പരം രൂപ വിലമതിക്കുന്നതാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്ത ശില്‍പങ്ങള്‍. കേരളത്തില്‍ നിന്നാണ് ആനക്കൊമ്പ് കൊണ്ടുവന്നതെന്നാണ് ചോദ്യം ചെയ്യലില്‍ ഇരുവരും മൊഴി നല്‍കിയത്. സിലിഗുരി വഴി നേപ്പാളിലെത്തിച്ച് രാജ്യാന്തര റാക്കറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു ഇവരുടെ രീതി.

നേപ്പാള്‍ അതിര്‍ത്തിയിലേക്ക് കൊണ്ടുപോകുമ്‌ബോഴാണ് വാഹനമടക്കം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം കോട്ടയത്തുനിന്ന് മടങ്ങിയതിന്റെ ട്രെയിന്‍ ടിക്കറ്റും സുധീഷ് ചന്ദ്രബാബുവില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇടമലയാര്‍ ആനവേട്ടക്കേസില്‍ നേരത്തെ അറസ്റ്റിലായ സുധീഷ് ചന്ദ്ര ബാബു പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയിരുന്നു. ആനവേട്ടക്കേസിലെ സിബിഐയും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. ഇടമലയാര്‍ ആനവേട്ടക്കേസിനുശേഷവും കേരളത്തിലെ വനങ്ങളില്‍ നിന്ന് ആനവേട്ട തുടരുന്നെന്നാണ് ഈ അറസ്റ്റു നല്‍കുന്ന സൂചന.

Exit mobile version