താരയുടെ അനാഥത്വത്തിന് വിട! പൊന്നുപോലെ നോക്കാന്‍ നെഞ്ചുറപ്പുള്ള ഭര്‍ത്താവുണ്ട്, 92.7 ബിഗ് എഫ്എമ്മിന്റെ സ്വന്തം പെങ്ങളൂട്ടിയുടെ വിവാഹം നടത്തിയ സന്തോഷം പങ്കുവച്ച് കിടിലം ഫിറോസ്

കൊച്ചി: അനാഥത്വത്തില്‍ നിന്നും താരയ്ക്ക് പുതുജീവിതം സമ്മാനിച്ച് 92.7 ബിഗ് എഫ്എം. അമ്മയും വീടുമില്ലാതെ പട്ടിണിയില്‍ കഴിഞ്ഞ താരയ്ക്ക് ആശ്രയമായിരുന്നത് 92.7 എഫ്എമ്മായിരുന്നു. ഇപ്പോള്‍ തങ്ങളുടെ സ്വന്തം പെങ്ങളൂട്ടിയുടെ വിവാഹം നടത്തിയ സന്തോഷമാണ് ആര്‍ജെ കിടിലം ഫിറോസ് പങ്കുവച്ചിരിക്കുന്നത്.

എന്റെ നെഞ്ചില്‍ ചേര്‍ന്നു നിന്നു കരയുന്ന ഇവളുണ്ടല്ലോ, അഭിമാനത്തോടെ പറയും ഞങ്ങള്‍ ദത്തെടുത്തു അന്തസായി കെട്ടിച്ചയച്ച കുട്ടിയാണ് 92.7 BIG FM Malayalam, നടത്തിയ വിവാഹം.

താര എന്നാണ് എന്റെയീ പെങ്ങളൂട്ടിയുടെ പേര്. അമ്മയില്ല, കയറിക്കിടക്കാന്‍ വീടില്ല, പഠിക്കാന്‍ വഴിയില്ല, പലപ്പോഴും പച്ചപ്പട്ടിണി, ഇപ്പൊ അമ്മയില്ലാത്ത അവള്‍ക്കൊപ്പം ഒരു നാട് മുഴുവനുണ്ട് പൊന്നുപോലെ നോക്കാന്‍ ലിബിന്‍ എന്ന നെഞ്ചുറപ്പുള്ള ഭര്‍ത്താവുണ്ട്. അവള്‍ക്കൊരു വീട് ഞങ്ങള്‍ മുന്‍കൈയെടുത്ത് നല്‍കി, പഠിപ്പിച്ചു നാട്ടുകാരോട് മുഴുവന്‍ പറഞ്ഞു, പതിനെട്ടര പവന്‍ സ്വര്‍ണമിട്ടു കെട്ടിച്ചയച്ചു അതും നല്ലൊരു ഓഡിറ്റോറിയത്തില്‍ 1500 പേരെയും ക്ഷണിച്ചു ഒന്നാംതരം സദ്യയും വിളമ്പി കെട്ടിച്ചു വിട്ടു.

എന്തിനാ ഇപ്പോ ഇത് ഒന്നൂടി ഓര്‍ത്തതെന്നോ? ഫേസ്ബുക്കിലൂടെ നന്‍മ ചെയ്യാനാകും, ഇറങ്ങിത്തിരിച്ചാല്‍ ആര്‍ക്കും തളര്‍ത്താനാകില്ല എന്ന് എന്നെത്തന്നെ ഒന്നോര്‍മിപ്പിക്കാന്‍ നല്ലതു ചെയ്തിട്ട് ഫേസ്ബുക്കില്‍ ഇടുന്നതെന്താ എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണിത്.

ഇവളെ ഞങ്ങള്‍ക്ക് കാണിച്ചു തന്നതും, പഠിപ്പിക്കാനായതും, വീട് വച്ചുകൊടുക്കാന്‍ ആയതും, കല്യാണം നടത്താനായതും ഒക്കെ ഫേസ്ബുക് പേജുകള്‍ ഉള്ളതു കൊണ്ട് കൂടിയാണ് വലം കൈ ചെയ്യുന്നത് ഇടം കൈ അറിയണം! അത്രന്നെ, അറിഞ്ഞാല്‍ ആര്‍ക്കെങ്കിലുമൊക്കെ നല്ലത് ലഭിക്കും. അറിഞ്ഞില്ലെങ്കില്‍ വലിയ മാറ്റമൊന്നുമില്ലാതെ രാഷ്ടീയോം മതോം ചര്‍ച്ചചെയ്ത് നമ്മള്‍ സമയം കളയും.

Exit mobile version