അരനൂറ്റാണ്ടിന്റെ നിറവില്‍ മലമ്പുഴയിലെ യക്ഷി: ശില്‍പത്തിനും കാനായിക്കും ആദരമര്‍പ്പിച്ച് ദേശീയ ചിത്രകലാ ക്യാമ്പ്

പാലക്കാട്: മലമ്പുഴയിലെ പ്രശസ്തമായ യക്ഷിയ്ക്ക് 50 വയസ്സ്. പ്രസിദ്ധ ശില്‍പി കാനായി കുഞ്ഞിരാമന്റെ പ്രശസ്ത ശില്‍പങ്ങളില്‍ ഒന്നാണ് മലമ്പുഴയിലെ യക്ഷി. 50ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലമ്പുഴയിലെ യക്ഷി പാര്‍ക്കില്‍ ദേശീയ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണ് കേരള ലളിത കലാ അക്കാദമി.

യക്ഷിയാനം 2019എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശന ക്യാമ്പിലൂടെ ഇന്ത്യന്‍ ചിത്രകലയുടെ ഒരു ചെറുപതിപ്പ് തന്നെയാണ് മലമ്പുഴ യക്ഷി പാര്‍ക്കില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കാണികള്‍ക്കായി തുറന്നു കൊടുത്ത മലമ്പുഴയിലെ യക്ഷിക്കും ശില്പിയായ കാനായി കുഞ്ഞിരാമനുള്ള ആദരവാണ് ഈ ചിത്ര കലാ ക്യാമ്പ്. കേരളീയ ചിത്രകലകള്‍ക്ക് പുറമേ ഇന്ത്യയുടെ പാരമ്പര്യ, ഗ്രാമീണ, ഗോത്ര ചിത്ര – ശില്പ കലകളുടെ പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കേരള ലളിതകലാ അക്കാദമിയാണ് ഇന്ത്യയിലെ പ്രശസ്തരായ ചിത്രകാരന്മാര്‍ ഒന്നിക്കുന്ന ദേശീയ ചിത്രകലാ ക്യാമ്പിന്റെ സംഘാടകര്‍. മധുബനി പെയിന്റിംഗ്, വര്‍ലി പെയിന്റിംഗ്, രാജസ്ഥാന്‍ മ്യൂറല്‍, തഞ്ചാവൂര്‍ പെയിന്റിംഗ് എന്നിങ്ങിനെ ഇന്ത്യയിലെ ഗ്രാമീണ ചിത്രകലാ രീതികളെല്ലാം മലമ്പുഴയിലെ ചിത്രകലാ ക്യാമ്പില്‍ കാണാനാകും. രണ്ടു തവണ ദേശീയ അവാര്‍ഡ് നേടിയ കലകാരി ചിത്രകാരനായ ശിവപ്രസാദ റെഡ്ഡിയും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

Exit mobile version