വിജേഷിന്റെ നിയമപോരാട്ടം സഫലം: ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കി

കൊച്ചി: വര്‍ഷങ്ങള്‍ നീണ്ട വിജേഷിന്റെ നിയമപോരാട്ടം ഒടുവില്‍ ഫലം കണ്ടു. വീഗാലാന്‍ഡിലെ റൈഡറില്‍ നിന്നും വീണ് പരിക്കേല്‍ക്കുകയും കിടപ്പിലാകുകയും ചെയ്ത വിജേഷ് വിജയന്റെ കുടുംബത്തിന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കി. വിജേഷിന്റെ അമ്മയുടെ പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ വച്ചാണ് കൈമാറിയത്.

12 വര്‍ഷം മുന്‍പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 2002ലാണ് വീഗാലാന്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് തൃശൂര്‍ സ്വദേശിയായ വിജേഷ് വിജയന് പരുക്കേറ്റത്. ബക്കറ്റ് ഷവര്‍ എന്ന റൈഡില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ശരീരം തളര്‍ന്ന് വിജേഷ് അന്ന് മുതല്‍ വീല്‍ചെയറിലാണ് ജീവിതം തള്ളി നീക്കുന്നത്. ചികിത്സയ്ക്കായി 25 ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വന്നു.

തുടര്‍ന്നാണ് നഷ്ടപരിഹാരം തേടി വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വിജേഷ് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും അതിനാല്‍ രണ്ടര ലക്ഷം രൂപ നല്‍കാമെന്നുമായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നിലപാട്. ഇതുസംബന്ധിച്ച് ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് രജിസ്ട്രാര്‍ ജനറലിന് പരാതി ലഭിച്ചതോടെയാണ് ഒത്തുതീര്‍പ്പ് വേഗത്തിലാക്കിയത്. 12 വര്‍ഷം പഴക്കമുള്ള കേസ് തീര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Exit mobile version