കനത്ത ചൂട്: സംസ്ഥാനത്തെ ജോലി സമയം ക്രമീകരിച്ചു; 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് ആരംഭിച്ചതോടെ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ ജോലി സമയം സര്‍ക്കാര്‍ പുനക്രമീകരിച്ചു.

വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24 (3) പ്രകാരമാണ് വെയിലത്തുനിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിച്ചിരിക്കുന്നത്.

ഫെബ്രുവരി 28 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമമായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 മണിവരെയുളള 8 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു.

നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരെ അറിയിക്കാവുന്നതാണ്. 180042555214/ 155300/ 0484 2423110 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കാമെന്ന് എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Exit mobile version