എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പ് നല്‍കി; കണ്ടക്ടര്‍മാര്‍ ക്ലിഫ് ഹൗസ് മാര്‍ച്ച് മാറ്റിവെച്ചു

ഹൈക്കോടതി വിധിക്ക് ലംഘനമാകാത്ത വിധത്തില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് കണ്‍വീനര്‍ ഉറപ്പ് നല്‍കി

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കണ്ടക്ടര്‍മാര്‍ ക്ലിഫ് ഹൗസിലേക്ക് നടത്താനിരുന്ന മാര്‍ച്ച് മാറ്റിവെച്ചു. താല്‍ക്കാലിക കണ്ടക്ടര്‍മാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായെന്ന് സമരസമിതി വ്യക്തമാക്കി. ഗതാഗത, നിയമ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് ജോലി നഷ്ടമായവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

എംപാനല്‍ കണ്ടക്ടര്‍മാര്‍ ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിയിട്ടും സര്‍ക്കാര്‍ അനങ്ങാത്ത സാഹചര്യത്തിലാണ് സമരസമിതി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എം പാനല്‍ കണ്ടക്ടര്‍മാരുടെ സംഘടനാ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചത്.

ഹൈക്കോടതി വിധിക്ക് ലംഘനമാകാത്ത വിധത്തില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് കണ്‍വീനര്‍ ഉറപ്പ് നല്‍കി. ഇതിനെത്തുടര്‍ന്ന് ക്ലിഫ് ഹൗസ് മാര്‍ച്ച് മാറ്റിവച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണും വരെ പ്രതിഷേധം തുടരുമെന്ന് കണ്ടക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ ജോലി നഷ്ടപ്പെട്ട എംപാനലുകാര്‍ക്ക് ഏത് വിധത്താലാകും തൊഴില്‍ നല്‍കുകയെന്ന് വ്യക്തമായിട്ടില്ല.

Exit mobile version