ഇടുക്കിയില്‍ മൂന്നുകിലോ കൂരമാനിന്റെ ഇറച്ചിയുമായി നായാട്ടുസംഘം പിടിയില്‍

ഇവരില്‍നിന്ന് രണ്ടു പ്ലാസ്റ്റിക്ക് കവറുകളിലായി കൂരമാനിന്റെ ഇറച്ചിയും രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെത്തി

കുമളി: മൂന്നുകിലോ കൂരമാനിന്റെ ഇറച്ചിയുമായി നാലംഗ നായാട്ടുസംഘം പിടിയില്‍. കുഴിഞ്ഞൊളു പോത്തുംകണ്ടം സ്വദേശിയായ റോയി ലൂക്കോസ് ,നാലാനിക്കല്‍ കളത്തില്‍ ജെയ്മോന്‍ , പോത്തുംകണ്ടം റോയി തോമസ്, ഉള്ളാട്ട് കൊച്ചറ അപ്പാപ്പിക്കട അനില്‍ എന്നിവരാണ് പിടിയിലായത്.

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ തേക്കടി റേഞ്ച് സ്റ്റാഫ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പട്രോളിങ്ങിനിടയില്‍ വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ ബൈക്കിലെത്തിയ ടോമിയെയും റോയിയെയും പരിശോധിച്ചത്. ഇവരില്‍നിന്ന് രണ്ടു പ്ലാസ്റ്റിക്ക് കവറുകളിലായി കൂരമാനിന്റെ ഇറച്ചിയും രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പട്രോളിങ് സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ വേട്ടയാടാന്‍ ഉപയോഗിച്ച തോക്ക് ജെയ്മോന്റെ കൈവശമാണെന്നും ഇയാള്‍ തോക്കുമായി വീട്ടിലേക്കു പോയതായും ഇവര്‍ മൊഴിനല്‍കി.

ജെയ്മോന്റെ വീട്ടിലെത്തിയ അന്വേഷണസംഘം ഇയാളില്‍നിന്ന് നാടന്‍ തോക്ക്, വാക്കത്തി, പിച്ചാത്തി, തിര എന്നിവ കണ്ടെത്തി. ലൈസന്‍സില്ലാത്ത തോക്ക് ഒരുവര്‍ഷം മുമ്ബ് ജെയ്മോനു കൈമാറിയ അനിലിനെയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Exit mobile version