തിരുവനന്തപുരം വിമാനത്താവളം പ്രതിസന്ധിയിലേക്ക്; രണ്ടുമാസത്തിനിടയില്‍ അഞ്ച് വിമാനക്കമ്പനികള്‍ പിന്മാറി

ആകെയുണ്ടായിരുന്ന പതിനാറ് വിമാനകമ്പനികളില്‍ അഞ്ച് എണ്ണമാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസ് ഉപേക്ഷിക്കുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രതിസന്ധിയിലേക്ക്. നിരവധി വിമാനകമ്പനികളാണ് തലസ്ഥാനത്ത് നിന്ന് സര്‍വീസ് അവസാനിപ്പിക്കുന്നത്. രണ്ടുമാസത്തിനിടയില്‍ അഞ്ച് വിമാന കമ്പനികളാണ് തിരുവനന്തപുരത്ത് നിന്ന് സര്‍വ്വീസ് പിന്‍വലിച്ചത്. ഇതോടെ കോടികളുടെ നഷ്ടമാണ് വിമാനത്താവളത്തിന് ഉണ്ടായ്രിക്കുന്നത്.

ആകെയുണ്ടായിരുന്ന പതിനാറ് വിമാനകമ്പനികളില്‍ അഞ്ച് എണ്ണമാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസ് ഉപേക്ഷിക്കുന്നത്. ജിദ്ദയിലേക്കും റിയാദിലേക്കും ആഴ്ചയില്‍ മൂന്ന് സര്‍വീസ് ഉണ്ടായിരുന്ന സൗദി എയര്‍ലെന്‍സ് ജനുവരിയോടെ നിര്‍ത്തി. ദുബായിയിലേക്ക് ആഴ്ചയില്‍ നാലു ദിവസം സര്‍വ്വീസ് ഉണ്ടായിരുന്ന ഫ്‌ളൈ ദുബായും ഇനി മുതല്‍ തലസ്ഥാനത്തേക്കില്ല. ദമാമിലേക്കുള്ള സര്‍വീസ് ഈ മാസം ജെറ്റ് എയര്‍വേയ്‌സ അവസാനിപ്പിക്കുകയാണ്.

ഘട്ടം ഘട്ടമായി സര്‍വ്വീസ് കുറച്ചുകൊണ്ടുവന്നിരുന്ന സ്‌പൈസ് ജെറ്റും സില്‍ക്ക് എയറും ഇതോടൊപ്പം പൂര്‍ണ്ണമായും പിന്‍മാറുന്നു. 240 ഷെഡ്യൂളുകളാണ് ഇങ്ങനെ ഒരു മാസം മാത്രം മുടങ്ങുക. സാമ്പത്തിക പ്രതിസന്ധിയാണ് ജെറ്റും സ്‌പൈസ് ജെറ്റും കാരണമായി ചൂണ്ടികാണിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് ലൈസന്‍സ് പുതുക്കാത്ത സൗദി എയര്‍ലൈന്‍സ് കണ്ണൂരില്‍ നിന്ന് പുതിയ സര്‍വീസ് തുടങ്ങുകയാണ്. തിരുവനന്തപുരത്തെ കൈ ഒഴിഞ്ഞ ഫ്‌ളൈ ദുബായ് കോഴിക്കോട് നിന്ന് സര്‍വ്വീസ് ആരംഭിക്കും.

തലസ്ഥാനത്തിന് വേണ്ടി ഇടപെടാന്‍ ആരുമില്ലെന്നാണ് സംരംഭകര്‍ കുറ്റുപ്പെടുത്തുന്നത്. ഒരോ തവണയും വിമാനമിറങ്ങുന്‌പോള്‍ അടയ്‌ക്കേണ്ട നാവിഗേഷന്‍ ചാര്‍ജ് ഇനത്തില്‍ ഒന്നരക്കോടിയിലധികം മാസം തോറും നഷ്ടമാകുന്നതില്‍ തുടങ്ങുന്ന വരുമാന ചോര്‍ച്ച. യാത്രക്കാര്‍ കുറയുന്നതോടെ യുസര്‍ ഡെവലപ്‌മെന്റ് ഫീയിലൂടെയുള്ള വരവും ഇടിയും. വരുമാനത്തിലെ വലിയ കുറവ് പതുക്കെ വിമാനത്താവളത്തിന്റെ ആകെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നാണ് പറയുന്നത്.

Exit mobile version