അട്ടപ്പാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട; അര ഏക്കര്‍ കഞ്ചാവ്‌തോട്ടം വനംവകുപ്പ് നശിപ്പിച്ചു

അട്ടപ്പാടി മേലെ ഗലസി ഊരിന് എട്ട് കിലോമീറ്റര്‍ അകലെയുള്ള വനത്തിലാണ് പുതിയ കഞ്ചാവ് തോട്ടം വനം വകുപ്പ് കണ്ടെത്തി നശിപ്പിച്ചു കളഞ്ഞത്

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട. എക്‌സൈസും വനംവകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അര ഏക്കറിലേറെ വരുന്ന കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു കളഞ്ഞു. ചെറിയ ഇടവേളയ്ക്ക് ശേഷം അട്ടപ്പാടിയില്‍ കഞ്ചാവു തോട്ടങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

അട്ടപ്പാടിയില്‍ നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടങ്ങള്‍ പോലീസും വനം വകുപ്പും ചേര്‍ന്ന് കണ്ടെത്തി നശിപ്പിച്ചത്. ഇതിലെ പ്രതികളെ മുഴുവന്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനിടയിലാണ് വീണ്ടുമൊരു കഞ്ചാവ് വേട്ട നടത്തിയിരിക്കുന്നത്.

അട്ടപ്പാടി മേലെ ഗലസി ഊരിന് എട്ട് കിലോമീറ്റര്‍ അകലെയുള്ള വനത്തിലാണ് പുതിയ കഞ്ചാവ് തോട്ടം വനം വകുപ്പ് കണ്ടെത്തി നശിപ്പിച്ചു കളഞ്ഞത്. 408 പാകമായ ചെടികളാണ് നശിപ്പിച്ചത്. രാവിലെ തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. തോട്ടം നടത്തിപ്പുകാരെ കുറിച്ച് കൃത്യമായ സൂചന കിട്ടിയതായി എക്‌സൈസ് സംഘം അറിയിച്ചു. അയല്‍സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാന്‍ പാകമായ നീലചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവ് ചെടികളാണ് എക്‌സൈസും വനം വകുപ്പും ചേര്‍ന്ന് നശിപ്പിച്ച് കളഞ്ഞത്.

Exit mobile version