ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി : പോലീസ് കേസെടുത്തു

കൊച്ചി : ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് അജ്ഞാത സന്ദേശം. ഇമെയില്‍ വഴിയെത്തിയ സന്ദേശത്തിന് പിന്നാലെ അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

ഐടി ആക്ട് 385 പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ വിവിധ കേന്ദ്ര ഏജന്‍സികളും പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് വിവരം.കൊച്ചി കപ്പല്‍ശാലയില്‍ പണി പൂര്‍ത്തിയാക്കിയ ഐഎന്‍എസ് വിക്രാന്ത് അവസാനഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം അന്തിമ മിനുക്ക് പണിയിലാണ്. ഇതിനിടെയാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തിന് പിന്നില്‍ ഭീകര ബന്ധമുണ്ടോ എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. കേന്ദ്ര ഏജന്‍സികളും വിഷയം ഗൗരവമായാണ് എടുത്തിരിക്കുന്നത്.

കപ്പല്‍ നിര്‍മാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാന്‍ പൗരന്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്തത് വിവിധ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചിരുന്നു. ഇയാള്‍ക്ക് ഭീകരബന്ധമുണ്ടോ എന്നത് സ്ഥിരീകരിക്കാനായില്ലെങ്കിലും പാക്കിസ്ഥാനില്‍ ജോലി ചെയ്തതത് കണ്ടെത്തിയത് സംശയം ഉയര്‍ത്തിയിരുന്നു. കപ്പല്‍ശാലയില്‍ ഗൗരവമുള്ള ജോലികള്‍ ചെയ്യുകയോ അകത്ത് പ്രവേശിക്കുകയോ പ്രതി ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തല്‍.

ഇതേത്തുടര്‍ന്ന് കേസ് അന്വേഷണം എന്‍ഐഎയ്ക്ക് വിടാന്‍ പോലീസ് തീരുമാനിച്ചിരിക്കുകയാണ്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മനോവിഭ്രാന്തി അഭിനയിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് ഏതെങ്കിലും ഏജന്‍സികളുടെ പരിശീലനം ലഭിച്ചതിലൂടെയാണോ എന്നതില്‍ സംശയം ഉയര്‍ന്നതോടെയാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള കേന്ദ്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.

Exit mobile version