പുരുഷ ടീം പാക്ക് പര്യടനം റദ്ദാക്കിയതിന് പിന്നാലെ ന്യൂസിലന്‍ഡിന്റെ വനിതാ ക്രിക്കറ്റ് ടീമിന് ബോംബ് ഭീഷണി

ലണ്ടന്‍ : സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ന്യൂസിലന്‍ഡിന്റെ പുരുഷ ക്രിക്കറ്റ് ടീം പാക്ക് പര്യടനം റദ്ദാക്കിയതിന് പിന്നാലെ വനിതാ ടീമിന് ബോംബ് ഭീഷണി. ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ടീമിന് ഭീഷണി സന്ദേശം ലഭിച്ചതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു.

ന്യൂസിലന്‍ഡ് ടീം താമസിക്കുന്ന ഹോട്ടലില്‍ ബോംബ് സ്ഥാപിക്കുമെന്ന സന്ദേശമാണ് ലഭിച്ചതെന്നാണ് സൂചന. ഇവര്‍ നാട്ടിലേക്ക് മടങ്ങുന്ന വിമാനത്തില്‍ ബോംബ് വയ്ക്കുമെന്നും ഭീഷണിയുണ്ട്. അജ്ഞാത സന്ദേശത്തെത്തുടര്‍ന്ന് ന്യൂസിലന്‍ഡ് ടീമിനുള്ള സുരക്ഷ വര്‍ധിപ്പിച്ചു. അതേസമയം ഇന്ന് നടക്കേണ്ട മത്സരവുമായി മുന്നോട്ട് പോകുമെന്നാണ് ന്യൂസിലന്‍ഡ് അറിയിച്ചിരിക്കുന്നത്.

ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ടീമിന്റെ പരിശീലനം ഉപേക്ഷിച്ചെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വ്യാജമാണെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.
“യാത്രാക്ഷീണം നിമിത്തമാണ് അവര്‍ തിങ്കളാഴ്ച പരിശീലനത്തിന് ഇറങ്ങാതിരുന്നത്.ഈ വിഷയത്തെക്കുറിച്ച് ന്യൂസിലന്‍ഡ് ബോര്‍ഡ് ഇനിയും പ്രതികരിക്കുന്നതായിരിക്കില്ല.” ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

Exit mobile version