“ജനം അസ്വസ്ഥരാണ് ” : ബക്രീദ് ഇളവുകളില്‍ വിശദീകരണം നല്‍കി കേരളം

Supreme Court | Bignewslive

ന്യൂഡല്‍ഹി : ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ നടപടിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ കേരളം വിശദീകരണം നല്‍കി.ജനം അസ്വസ്ഥരാണെന്നും ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികളും വ്യാപാര സംഘടനകളുമെല്ലാം ആവശ്യപ്പെട്ടതു കൊണ്ടാണ് ബക്രീദിന് മുമ്പുള്ള മൂന്ന് ദിവസങ്ങളില്‍ ഇളവ് അനുവദിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.രാജ്യം അടിയന്തരാവസ്ഥ നേരിടുമ്പോള്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ ആളുകളുടെ ജീവന്‍ വെച്ച് കളിക്കുകയാണെന്ന് ആരോപിച്ച് മലയാളിയും ഡല്‍ഹി വ്യവസായിയുമായ പി.കെ നമ്പ്യാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ തന്നെ വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഹര്‍ജി ചൊവ്വാഴ്ച രാവിലെ വീണ്ടും പരിഗണിക്കും. സര്‍ക്കാരിന്റെയും ഹര്‍ജിക്കാരുടെയും വാദം കേട്ട ശേഷം ഇളവുകളില്‍ ഇടപെടണോയെന്ന കാര്യം കോടതി തീരുമാനിക്കും.

Exit mobile version