പ്രതിഫലം വാങ്ങാതെ ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് ജോലിക്ക് തൊഴിലാളികള്‍ : ഭക്ഷ്യക്കിറ്റ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

Trade union | Bignewslive

കൊച്ചി : നാടാകെ കോവിഡില്‍ പകച്ചിരിക്കെ ഒരു മാസത്തോളമായി പ്രതിഫലം പോലും വാങ്ങാതെ ഓക്‌സിജന്‍ കയറ്റിറക്ക് ജോലികളില്‍ സജീവമായി യൂണിയന്‍ തൊഴിലാളികള്‍. ഇവരുടെ സാഹചര്യം മനസ്സിലാക്കി മോട്ടോര്‍ വാഹനവകുപ്പ് തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് എത്തിച്ചു നല്‍കി.

ഒരു മാസമായി ജില്ലയിലെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ഓക്‌സിജന്‍ ട്രാന്‍സ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കലൂര്‍ സ്റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍ തയാറാക്കിയിട്ടുള്ള ഓക്‌സിജന്‍ വാര്‍ റൂമില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് വിവിധ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുകയാണ് ഉദ്യോഗസ്ഥര്‍.

കൊച്ചിന്‍ ഷിപ് യാര്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ എയര്‍ പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തില്‍നിന്നാണ് ഓക്‌സിജന്‍ സിലിണ്ടറുകളില്‍ നിറച്ച് വിതരണം.ഇതിനായി പകര്‍ച്ചവ്യാധി നിയമപ്രകാരം ഏറ്റെടുത്ത വാഹനങ്ങളും ഡ്രൈവര്‍മാരായി ഉദ്യോഗസ്ഥരും അണി നിരന്നു. സിലിണ്ടറുകള്‍ വാഹനങ്ങളിലേക്ക് കയറ്റുന്നതും ഇറക്കുന്നതും വെല്ലുവിളിയായ സാഹചര്യത്തിലാണ് സിഐടിയു സിറ്റി ചുമട്ടുതൊഴിലാളികള്‍ പ്രതിഫലം ആഗ്രഹിക്കാതെ ദൗത്യം ഏറ്റെടുക്കുന്നത്.

ഫോര്‍ട്ട് കൊച്ചി, ആലുവ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും കഴിഞ്ഞദിവസങ്ങളില്‍ തൊഴിലാളികള്‍ മുന്നോട്ട് വന്നു.ഒരു മാസത്തിലേറെയായി ഈ ദൗത്യം മുടക്കമില്ലാതെ നിര്‍വഹിക്കുകയാണ് ഇവര്‍. സന്നദ്ധ സേവനം നല്‍കുന്ന തൊഴിലാളികള്‍ക്ക് സഹപ്രവര്‍ത്തകരുടെയും മറ്റുള്ളവരുടെയും സഹകരണത്തോടെ പലചരക്കും പച്ചക്കറിയും മാസ്‌കുകളും അടങ്ങുന്ന കിറ്റാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയത്.

മോട്ടോര്‍ വാഹന വകുപ്പ് മധ്യമേഖല ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ റെജി പി.വര്‍ഗീസ്, എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഷആജി മാധവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് എത്തിച്ചു നല്‍കി.തേവരയിലെ കൊച്ചിന്‍ എയര്‍ പ്രൊഡക്ട്‌സിലായിരുന്നു വിതരണം.

Exit mobile version