ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കും: കെടിഡിഎഫ്‌സി അടച്ചുപൂട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെടിഡിഎഫ്‌സി) അടച്ചുപൂട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സ്ഥാപനത്തിന്റെ നിലനില്‍പ്പിന് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് മന്ത്രിയുടെ വിശദീകരണം.

കെടിഡിഎഫ്‌സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കമ്പനി പൂട്ടാന്‍ പോകുന്നുവെന്നുമുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന് ഒപ്പം കെടിഡിഎഫ്‌സി പൂട്ടുമെന്ന മുന്‍ എംഡി അജിത് കുമാറിന്റെയും ജ്യോതിലാല്‍ ഐഎഎസിന്റെയും കത്താണ് പുറത്തായിരുന്നു.

925 കോടിയാണ് കമ്പനിയില്‍ സ്വകാര്യ നിക്ഷേപം. എന്നാല്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ കൈയ്യിലുള്ളത് വെറും 353 കോടി രൂപ മാത്രമാണ്. കെഎസ്ആര്‍ടി സി നല്‍കാമെന്നറിയിച്ച 356.65 കോടി രൂപ കൂടി വാങ്ങി ബാധ്യതകള്‍ തീര്‍ക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1996ല്‍ തുടങ്ങിയ സ്ഥാപനമാണ് കെടിഡിഎഫ്‌സി.

വലിയ പലിശ നല്‍കാമെന്ന വാഗ്ദാനത്തിലാണ് കെടിഡിഎഫ്‌സി നിക്ഷേപം സ്വീകരിച്ചത്. കെഎസ്ആര്‍ടിസിയുടെ ഏറ്റവും വലിയ ധനദാതാവാണ് കെടിഡിഎഫ്‌സി. നാല് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിച്ചിട്ടുണ്ട്. ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് വിന്യസിച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നീക്കം. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുമ്പോള്‍ ഈ സ്ഥാപനം പൂര്‍ണമായും അടയ്ക്കാനാണ് നീക്കം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം എടുത്തേക്കുമെന്നാണ് സൂചന.

Exit mobile version