വീട്ടില്‍ തന്നെ പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം കളയാം; ഇതാ ചില മാര്‍ഗങ്ങള്‍

വിപണിയില്‍ ലഭിക്കുന്ന പല പഴവര്‍ഗങ്ങളും മാസങ്ങളോളം കേട് കൂടാതിരിക്കുന്നതിന് കാരണവും ഇവയില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ തന്നെയാണ്

ഇന്നത്തെ കാലത്ത് വിഷമയമില്ലാത്ത പഴങ്ങളും പച്ചക്കറികളും വെറുമൊരു സ്വപ്നം മാത്രമാണ്. മാര്‍ക്കറ്റില്‍ ജൈവമെന്ന് പറഞ്ഞ് ലഭിക്കുന്ന പച്ചക്കറികള്‍ എത്ര പറഞ്ഞാലും സ്വന്തം വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കുന്നത് പോലെ വിശ്വസിക്കാന്‍ സാധിക്കില്ല. വിപണിയില്‍ ലഭിക്കുന്ന പല പഴവര്‍ഗങ്ങളും മാസങ്ങളോളം കേട് കൂടാതിരിക്കുന്നതിന് കാരണവും ഇവയില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ തന്നെയാണ്. എന്നാല്‍ പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം ഒരു പരിധി വരെ നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. ഇതാ ചില മാര്‍ഗങ്ങള്‍…

1 . തണുത്ത വെള്ളത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കുറെ നേരമെടുത്തു കഴുകിയാല്‍ അവയുടെ തൊലിപ്പുറത്തുള്ള അണുക്കളും മാലിന്യങ്ങളും ഒഴിവാക്കാന്‍ പറ്റും.

2. പച്ചക്കറികളും പഴവര്‍ഗങ്ങളും കുറെനേരം ഉപ്പുവെള്ളത്തില്‍ മുക്കിവച്ചാല്‍ അതിനു പുറത്തെ രാസവസ്തുക്കളും ബാക്ടീരിയകളും കീടനാശിനികളുടെ അംശങ്ങളും ഇല്ലാതാകും. ഉപ്പുവെള്ളത്തിനു ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.

3. പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലിപ്പുറത്താണ് കൂടുതല്‍ മാലിന്യവും അണുക്കളും രാസവസ്തുക്കളും ഒട്ടിപ്പിടിക്കുന്നത്. അതിനാല്‍ തൊലി ചെത്തിക്കളഞ്ഞാല്‍ അവയിലെ വിഷാംശങ്ങള്‍ ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാനാവും.

4. വെള്ളം നന്നായി തിളപ്പിച്ച ശേഷം പഴങ്ങളും പച്ചക്കറികളും അവയില്‍ 15 സെക്കന്‍ഡ് മുതല്‍ ഒരു മിനിട്ട് വരെ മുക്കിവെച്ചശേഷം പിന്നീട് നന്നായി തണുത്ത വെള്ളത്തില്‍ വയ്ക്കുക. ഇത് അവയിലെ മാലിന്യങ്ങളും അണുക്കളും ഇല്ലാതാക്കാന്‍ സഹായിക്കും.

5. നാരങ്ങാ നീരിലോ സിട്രിക് ആസിഡിലോ കഴുകുക. പകുതി മുറിച്ച നാരങ്ങയുടെ നീരോ അല്പം സിട്രിക് ആസിഡോ വെള്ളത്തില്‍ കലക്കിയ ശേഷം പച്ചക്കറിയോ പഴങ്ങളോ അതില്‍ മുക്കിയാല്‍ അതിലെ മാലിന്യവും അണുക്കളും ഇല്ലാതാകും.

6. മഞ്ഞള്‍ വിവിധ ഔഷധങ്ങള്‍ക്കായും മാലിന്യവും വിഷാംശവും അണുക്കളും നീക്കാന്‍ ഉപയോഗിക്കുന്നതാണ്. ഒരു ടീ സ്പൂണ്‍ മഞ്ഞള്‍പൊടി വെള്ളത്തിലിട്ടു കലക്കിയ ശേഷം അതില്‍ പഴങ്ങളും പച്ചക്കറികളും മുക്കിവെയ്ക്കുക.

Exit mobile version