നിര്‍ത്താതെ കരയുന്ന കുഞ്ഞുങ്ങളെ കുലുക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം ജീവന്‍ അപകടത്തിലാക്കും

കുഞ്ഞുങ്ങള്‍ കരയുമ്പോഴോ ഉറക്കുമ്പോഴോ ഒക്കെ എല്ലാവരും ചെയ്യുന്നതാണ് അവരെ കുലുക്കുന്നത്. എന്നാണ് കുട്ടികളെ അമിതമായി കുലുക്കുന്നതു മൂലം അവര്‍ക്ക് മസ്തിഷ്‌ക ക്ഷതമായ ‘ഷേക്കണ്‍ ബേബി സിന്‍ഡ്രോം’ ബാധിച്ചേക്കാം. ഈ അശ്രദ്ധ കാരണം കുഞ്ഞുങ്ങളില്‍ അകാല മരണത്തിനും ഇടയാക്കുന്നുണ്ട്.

അഞ്ച് സെക്കന്‍ഡ് നീളുന്ന കുലുക്കത്തില്‍ നിന്ന് ‘ഷേക്കണ്‍ ബേബി സിന്‍ഡ്രോം’ ഉണ്ടാകാം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് സാധാരണയായി സിന്‍ഡ്രോം സംഭവിക്കുന്നത്. അഞ്ച് വയസ്സുവരെയുള്ള കുട്ടികളില്‍ ഈ അവസ്ഥ കാണപ്പെടുന്നു.

കുഞ്ഞുങ്ങള്‍ കരച്ചില്‍ നിര്‍ത്താതെ വരുമ്പോള്‍ അവരെ അമിതമായി കുലുക്കുമ്പോഴാണ് സിന്‍ഡ്രോം സാധാരണയായി സംഭവിക്കുന്നത്. അക്രമാസക്തമായി കുലുക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ തലച്ചോര്‍ തലയോട്ടിക്ക് നേരെ അങ്ങോട്ടുമിങ്ങോട്ടും ചലിക്കും.

ഇത് ചതവ്, നീര്‍വീക്കം, മോട്ടോര്‍ വൈകല്യം, അപസ്മാരം, അന്ധത, വാരിയെല്ല് ഒടിവ്, തലയോട്ടിയിലും ഉള്ളിലും രക്തസ്രാവം എന്നീ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ചില കേസുകളില്‍ മരണവും സംഭവിക്കും. കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഗുരുതരമായ പീഡനമായാണ് ഇത് കണക്കാക്കുന്നത്.

‘ഷേക്കണ്‍ ബേബി സിന്‍ഡ്രോം’ അതിജീവിച്ചവരില്‍ മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നതായും പഠനങ്ങള്‍ പറയുന്നു.

കാരണങ്ങളില്ലാതെ കുട്ടിയുടെ നിരന്തരമായ കരച്ചില്‍, പരിഭ്രാന്തി മൂലം കരയുന്ന കുട്ടിയെ രക്ഷിതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്, കുഞ്ഞിനെ ആവര്‍ത്തിച്ച് കുലുക്കുന്നതിന്റെ അപകടത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ അജ്ഞത, മാതാപിതാക്കളുടെ മാനസിക സമ്മര്‍ദം എന്നിവയാണ് പ്രധാനമായും സിന്‍ഡ്രോമിന് കാരണമായി പറയപ്പെടുന്നത്.

കുഞ്ഞുങ്ങളില്‍ ആവര്‍ത്തിച്ചുള്ള ഛര്‍ദി, കരച്ചില്‍, ബലഹീനത, കാഴ്ചക്കുറവ്, ഹൃദയാഘാതം, ബോധക്ഷയം, ഓക്കാനം, മുലയൂട്ടല്‍ നിരസിക്കല്‍, വിശപ്പില്ലായ്മ എന്നിവ എസ്.ബി.എസ് ലക്ഷണങ്ങളാണ്.

Exit mobile version