10 വയസ്സില്‍ 190 കിലോ! 12ാം വയസ്സില്‍ കൂട്ടുകാരോടൊപ്പം കളിച്ചു രസിച്ച് ആര്യ; ശരീരഭാരത്തെ കൈപ്പിടിയിലൊതുക്കി ഏറ്റവും ഭാരമേറിയ കുട്ടി

ലോകത്തിലെ ഏറ്റവും ഭാരമേറിയ കുട്ടിയെന്ന റെക്കോര്‍ഡിന്റെ ഉടമയായിരുന്നു ഇന്‍ഡോനേഷ്യയിലെ ആര്യ പെര്‍മന. 10 വയസ്സില്‍ 190.5 കിലോയായിരുന്നു ആര്യയുടെ തൂക്കം. കിടക്കയില്‍ നിന്ന് സ്വയം എഴുന്നേല്‍ക്കാന്‍ പോലുമാകാതെ അവസ്ഥയിലായിരുന്നു ആര്യ. തന്റെ പ്രായത്തിലുള്ളവര്‍ കളിച്ചു നടക്കുമ്പോള്‍ ആര്യ ജീവിതം കിടക്കയില്‍ തള്ളിനീക്കുകയായിരുന്നു.

ആര്യ ചെറുപ്പം മുതലേ വാരിവലിച്ച് ഭക്ഷണം കഴിക്കുമായിരുന്നു. ഇതോടെ വയസ്സുകൂടുന്നതിന് അനുസരിച്ച് ഭാരമേറി വരികയും പത്താം വയസ്സില്‍ റെക്കോര്‍ഡ് തൂക്കമായ 190.5 ല്‍ എത്തുകയുമായിരുന്നു. ശരീരഭാരം 190 കടന്നതോടെ ആരോഗ്യസ്ഥിതി ഏറെ വഷളായി.

മൊബൈലിലും മറ്റും കളികളിലേര്‍പ്പെടുകയല്ലാതെ മറ്റൊന്നും ചെയ്യാനാകില്ല. പൊണ്ണത്തടി കാരണം സ്‌കൂളില്‍ പോകാന്‍ സാധിച്ചതുമില്ല. ഒടുവില്‍ ഈ വിഷമ സന്ധിയില്‍ നിന്ന് പരിഹാരം കാണാന്‍ ഭാരം കുറയ്ക്കാനുള്ള കഠിന ശ്രമങ്ങള്‍ക്ക് ആര്യ വിധേയനായി.

ഒരു ഡയറ്റീഷ്യന്റെ ഉപദേശപ്രകാരം ചികിത്സാ വിധികള്‍ പിന്‍തുടര്‍ന്നു. ബാര്യാട്രിക് ശസ്ത്രക്രിയയ്ക്കും വിധേയനായി. 2017 മെയ് മാസത്തിലെ ആദ്യത്തെ ശസ്ത്രക്രിയയിലൂടെ 20 കിലോ ശരീരഭാരമാണ് കുറച്ചത്. പിന്നീട് കടുത്ത ഡയറ്റും വ്യായാമവുമാണ് ആര്യക്ക് ഡോക്ടര്‍മാര്‍ വിധിച്ചത്. പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കാനേ ആര്യയ്ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ശസ്ത്രക്രിയ കഴിഞ്ഞശേഷം ഡയറ്റിലൂടെ 16 കിലോ കൂടി കുറഞ്ഞു. എന്നാല്‍ അതുകൊണ്ടൊന്നും ഒന്നുമായില്ല. നൂറു കിലോയില്‍ താഴെ ശരീരഭാരം വരുന്നതിനായി ആര്യ ഇനിയും മെലിയണമായിരുന്നു. അങ്ങനെ ഡയറ്റ് വീണ്ടും കടുത്തതാക്കി.

അങ്ങനെ കഠിന ശ്രമങ്ങളിലൂടെ 96 കിലോ കുറയ്ക്കാന്‍ ആര്യയ്ക്ക് സാധിച്ചു. 12 കാരനായ ആര്യയ്ക്കിപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനാകും. ഫുട്‌ബോളും ബാഡ്മിന്റണും ആര്യ സ്ഥിരമായി കളിക്കാറുണ്ട്. ദിവസേന രണ്ട് കിലോമീറ്റര്‍ ഓടും. സ്‌കൂളില്‍ പോകാനും സാധിക്കുന്നു. ഇനിയും ഏറെ മെലിയണം എന്നതാണ് ആര്യയുടെ ആഗ്രഹം. എന്നിട്ട് വലുതാകുമ്പോള്‍ ഒരു ഫുട്‌ബോള്‍ താരമാകണം എന്നാണ് മോഹം.
തി

Exit mobile version