കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദം : മൂന്നാംഘട്ട പരീക്ഷണഫലം

Vaccine | Bignewslive

ന്യൂഡല്‍ഹി : കോവിഡിനെതിരെ ഭാരത് ബയോടെക്ക് നിര്‍മിച്ച കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ഡിസിജിഐ (ഡ്രഗ്‌സ് കണ്‍ഡ്രോളര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യ) വിദഗ്ധ സമിതി അംഗീകരിച്ച കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഐ.സി.എം.ആറും ചേര്‍ന്ന് ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ച വാക്‌സിനാണിത്. വാക്‌സീന്‍ സ്വീകരിച്ചവരില്‍ രോഗബാധയുണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാധ്യത 100 ശതമാനവും ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.രാജ്യത്തുടനീളം 25,800 പേരിലാണ് കോവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.

പരീക്ഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് ഭാരത് ബയോടെക്ക് ഡ്രഗ്‌സ് കണ്‍ഡ്രോളര്‍ ജനറലിന് സമര്‍പ്പിച്ചത്. വിശദമായ പഠനങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തില്‍ ഡിസിജിഐ റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവിട്ട മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യ ഇടക്കാല വിശകലനത്തില്‍ കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. മൂന്നാംഘട്ട പരീക്ഷണഫലം ഡിസിജിഐ അംഗീകരിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടാന്‍ ഭാരത് ബയോടെക്കിന് സാധിക്കും.

ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കഴിഞ്ഞ ജനുവരിയില്‍ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത് വിവാദമായിരുന്നു. കോവാക്‌സിന് പുറമേ കോവിഷീല്‍ഡ്, റഷ്യന്‍ നിര്‍മിത സ്പുട്‌നിക്ക് എന്നീ വാക്‌സിനുകളാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്.

Exit mobile version