ബ്‌ളാക്ക് ഫംഗസ് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കണം : പ്രധാനമന്ത്രിക്ക് കത്തെഴുതി സോണിയ ഗാന്ധി

Sonia gandhi | Bignewslive

ന്യൂഡല്‍ഹി : ബ്‌ളാക്ക് ഫംഗസ് ബാധിച്ചവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. അവശ്യമരുന്നുകള്‍ ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

ബ്‌ളാക്ക് ഫംഗസ് ബാധിതര്‍ക്ക് നല്‍കുന്ന ലിപോസോമല്‍ ആംഫോടെറിസിന്‍-ബി എന്ന മരുന്നിന്റെ ലഭ്യത കുറവാണെന്നും മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്‌ളാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ പല സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ മികച്ച ചികിത്സ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും സോണിയ ചൂണ്ടിക്കാട്ടുന്നു.അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ മറ്റൊരു മഹാമാരിക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും സോണിയ അറിയിച്ചു.

കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന ആവശ്യവും സോണിയ മുന്നോട്ട് വെയ്ക്കുന്നുണ്ട്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നവോദയ വിദ്യാലയങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കണം. രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷ നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ പഠനം ഏറ്റെടുക്കുമെന്ന് ഡല്‍ഹി സര്‍ക്കാരും കുട്ടികളുടെ അക്കൗണ്ടില്‍ പത്ത് ലക്ഷം രൂപ വീതം സ്ഥിരനിക്ഷേപം നടത്തുമെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാരും നേരത്തേ പ്രഖ്യാപിച്ചിരുന്നു.കോവിഡ് മൂലം അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി പദ്ധതികള്‍ കൊണ്ടുവരുമെന്ന് യുപിയിലെയും ഹിമാചല്‍ പ്രദേശിലെയും സര്‍ക്കാരുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം ബ്‌ളാക്ക് ഫംഗസ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിവിധ സംസ്ഥാനങ്ങള്‍ക്കുമായി 23680കുപ്പി അധികം ആംഫോടെറിസിന്‍-ബി അനുവദിച്ചതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു.രാജ്യത്തുടനീളം 8848 പേര്‍ ബ്‌ളാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുണ്ട്.

Exit mobile version