കൊവിഡ് രോഗം വായുവിലൂടെയും പടരാം എന്ന വാര്‍ത്തയുടെ സത്യാവസ്ഥ എന്താണ്; വിദഗ്ധര്‍ പറയുന്നു

കൊവിഡ് രോഗം വായുവിലൂടെയും പടരാം (Airborne transmission) എന്ന വാര്‍ത്ത വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചിട്ടുണ്ട്. മിക്കവാറും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ആശങ്കപ്പെടുത്തുന്ന തലക്കെട്ടുകളോടെ വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (CDC) അങ്ങനെ പ്രസ്താവിച്ചു എന്ന രീതിയിലാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്. ഇപ്പോള്‍ ഈ വിഷയത്തിലെ സത്യാവസ്ഥ വിശദമാക്കുകയാണ് വിദഗ്ധര്‍. ഡോ. ദീപു സദാശിവനും ഡോ. മനോജ് വെള്ളനാടും ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ ലേഖനത്തിലാണ് കൊവിഡ് രോഗം വായുവിലൂടെയും പടരാം എന്ന വാര്‍ത്തയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നത്.

ലേഖനം:

എന്താണ് ശരിക്കും CDC പറഞ്ഞത്?-CDC പണ്ടു പറഞ്ഞ കാര്യങ്ങള്‍ തന്നെയേ ഇപ്പോഴും പറഞ്ഞിട്ടുള്ളൂ. കഴിഞ്ഞ Oct 5-നു CDC അവരുടെ വെബ്സൈറ്റില്‍ ‘Scientific Brief: SARS-CoV-2 and Potential Airborne Transmission’ എന്ന തലക്കെട്ടില്‍ കുറച്ച് വിവരങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്. അതിനു താഴെയുള്ള കാര്യങ്ങള്‍ എന്താണെന്ന് ഒന്ന് ചുരുക്കി പറയാം.

ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ പ്രധാനമായും മൂന്നു മാര്‍ഗ്ഗത്തിലൂടെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
1. സ്പര്‍ശനം (contact) / ‘ഫോമൈറ്റ് ട്രാന്‍സ്മിഷന്‍’ – രോഗാണുക്കള്‍ ഉള്ള പ്രതലത്തിലോ, ശരീരത്തെയോ സ്പര്‍ശിക്കുന്നതും, ശാരീരികമായി സമ്പര്‍ക്കത്തില്‍ വരുന്നതും കൊണ്ട്.
2. സ്രവകണികകളിലൂടെ (Droplet infection)
3. വായുവിലൂടെ (Airborne transmission)
ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന രോഗാണുക്കളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ‘മുഖ്യമായും എയര്‍ബോണ്‍” (preferential airborne) രീതിയില്‍ പകരുന്നവ.

സ്രവകണികകള്‍ മുഖേനയുള്ള പകര്‍ച്ചയും വായുവിലൂടെയുള്ള പകര്‍ച്ചയും തമ്മിലെന്താണ് വ്യത്യാസം?

Droplet transmission & Airborne transmission എന്നീ സാങ്കേതിക പദങ്ങളെ ആശയത്തില്‍ വ്യക്തത നിലനിര്‍ത്തിക്കൊണ്ട് മലയാളത്തിലേക്ക് നേരിട്ട് പരിഭാഷപ്പെടുത്താന്‍ പരിമിതികളുണ്ട്. ആയതിനാല്‍ ലളിതമായി വിശദീകരിക്കാം.
ഡ്രോപ്ലെറ്റ് വഴിയുള്ള പകര്‍ച്ച: ഒരാള്‍ ചുമയ്ക്കുകയോ, തുമ്മുകയോ, ഉച്ചത്തില്‍ സംസാരിക്കുകയോ, ഉറക്കെ ചിരിക്കുകയോ, പാട്ടുപാടുകയോ ഒക്കെ ചെയ്യുമ്പോള്‍ പുറത്തേക്കു തെറിക്കുന്ന ചെറുകണികകളാണ് ഡ്രോപ്ലെറ്റുകള്‍. പ്രത്യേകത എന്തെന്നാല്‍ ഇത്തരം കണികകളുടെ വലിപ്പം മൂലം അവ അധികം നേരം വായുവില്‍ തങ്ങി നില്‍ക്കുകയോ കൂടുതല്‍ ദൂരം സഞ്ചരിക്കുകയോ ചെയ്യില്ല. അവ ഏകദേശം രണ്ടു മീറ്റര്‍ ചുറ്റളവില്‍ ഉള്ള പ്രതലങ്ങളിലേക്ക് അധികം താമസിയാതെ തന്നെ താഴ്ന്നു അടിയുന്നു.
ഈ ചുറ്റളവിനുള്ളില്‍ നില്‍ക്കുന്ന ആള്‍ക്ക് ശ്വസനം വഴിയോ, ആ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നത് മുഖേന രോഗാണുക്കള്‍ കൈകളിലെത്തുന്ന ആള്‍ക്ക് ഫോമൈറ്റ് ട്രാന്‍സ്മിഷന്‍ വഴിയോ രോഗപ്പകര്‍ച്ച ഉണ്ടാവാം.

എയര്‍ ബോണ്‍ പകര്‍ച്ച : പരിഭാഷപ്പെടുത്തുമ്പോള്‍ വായുവിലൂടെ ഉള്ള രോഗപ്പകര്‍ച്ച എന്നാണു പ്രയോഗം. ഇവിടെ രോഗമുള്ളയാളുടെ നിശ്വാസ വായുവിലൂടെ പുറത്തെത്തുന്ന രോഗാണുക്കള്‍ വായുവിലൂടെ സഞ്ചരിച്ചു ദൂരെയുള്ള മറ്റൊരാളിലെത്തി രോഗമുണ്ടാക്കാം.
ഇവ ഡ്രോപ്ലെറ്റ് പകര്‍ച്ചയില്‍ നിന്നും വിഭിന്നമായി, വായുവില്‍ കൂടുതല്‍ നേരം തങ്ങി നില്‍ക്കുകയും (മണിക്കൂറുകളോളം), കൂടുതല്‍ ദൂരം സഞ്ചരിക്കുകയും, അതുകൊണ്ടു തന്നെ ദൂരെയുള്ള ഒരാള്‍ക്കുപോലും രോഗം പകര്‍ന്നു കൊടുക്കാന്‍ പ്രാപ്തമായിരിക്കുകയും ചെയ്യും.
അതായത് ഡ്രോപ്ലെറ്റിന്റെ കാര്യത്തില്‍ നാം നിഷ്‌കര്‍ഷിക്കുന്ന രണ്ടു മീറ്ററിനും അപ്പുറത്തേക്ക് ഉള്ളവരെ ബാധിക്കുന്ന ഇത്തരം ഒന്നിനെയാണ് Airborne അഥവാ വായുവിലൂടെയുള്ള പകര്‍ച്ച എന്ന് പറയുന്നത്. ക്ഷയരോഗം പകര്‍ത്തുന്ന ബാക്ടീരിയ, ചിക്കന്‍ പോക്‌സ് വൈറസ് എന്നിവ ചില ഉദാഹരണങ്ങളാണ്.

കോവിഡിന്റെ പകര്‍ച്ചയുടെ കാര്യത്തില്‍ മറ്റൊരു സാങ്കേതിക പദം കൂടിയുണ്ട്,എയറോസോള്‍’ മുഖേനയുള്ള രോഗസംക്രമണം. എന്താണ് ഇത്?
രോഗാണുക്കളെ പേറുന്ന എന്നാല്‍ വായുവില്‍ തങ്ങി നില്‍ക്കാന്‍ കെല്‍പ്പുള്ള ചെറുകണികകള്‍/ കണികകളുടെ ചെറു മേഘപടലം ആണ് എയറോസോളുകള്‍. ഏറോസോളുകള്‍ ഗണ്യമായി ഉണ്ടാവുന്നത് ചില മെഡിക്കല്‍ പ്രക്രിയകള്‍ ചെയ്യുമ്പോഴാണ്. ശ്വാസനാളത്തിലേക്കു കുഴല്‍ കടത്തുന്ന ഇന്റ്യുബേഷന്‍, ബ്രോക്കോസ്‌കോപ്പി, നെബുലൈസേഷന്‍, ദന്തരോഗ ചികിത്സയുമായി ബന്ധപ്പെട്ട ചില പ്രക്രിയകള്‍, ഓട്ടോപ്‌സി etc. എയ്‌റോസോളുകള്‍ മുഖേനയും കോവിഡ് രോഗം പകരാം എന്ന് ശാസ്ത്രലോകം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ആയതിനാല്‍ ഈ പ്രക്രിയയില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരും മറ്റും ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശങ്ങളും നിലവിലുണ്ട്. CDC എന്താണ് മുമ്പ് ഇക്കാര്യത്തില്‍ പറഞ്ഞത്? Covid19 പ്രധാനമായും ഡ്രോപ്ലെറ്റ് ഇന്‍ഫക്ഷന്‍ വഴിയാണ് പകരുന്നതെന്ന്. പിന്നെ aerosol വഴിയും. Airborne transmission അപൂര്‍വ്വമാണെന്ന്.

CDC October 5-ന് എന്തൊക്കെയാണ് പുതുതായി പ്രസ്താവിച്ചിട്ടുള്ളത്? -മേല്‍പ്പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെ.. എന്തുകൊണ്ട് Airborne transmission സാധ്യത അപൂര്‍വ്വമാണെന്ന് കൂടി ഇതില്‍ പറയുന്നുണ്ട്.
എന്തുകൊണ്ടാണ് airborne transmission അപൂര്‍വ്വമാണെന്ന് പറയുന്നത്?-Airborne transmission ഉണ്ടെന്നു കണ്ടെത്തിയിട്ടുള്ള ശ്വാസകോശ രോഗാണുക്കളെ പറ്റി മേലില്‍ സൂചിപ്പിച്ചല്ലോ. ക്ഷയരോഗാണു, മീസില്‍സ്, ചിക്കന്‍ പോക്‌സ് വൈറസ് എന്നിവയൊക്കെയാണ് വായുവിലൂടെ പകരാന്‍ കൂടുതല്‍ സാധ്യതയുള്ളവ. ഇവ ഓരോന്നും എടുത്താല്‍ മനസിലാവും, വായുവിലൂടെ ഉള്ള പകര്‍ച്ചാ സാധ്യത ഇവയ്‌ക്കോരോന്നിനും ഒരേപോലെ അല്ലയെന്ന്. മീസില്‍സ് വളരെ വേഗത്തില്‍ പകരുന്ന രോഗമാണ്. അതിന്റെ R0 ( ഒരു രോഗിയില്‍ നിന്നും രോഗം കിട്ടാന്‍ സാധ്യതയുള്ളവരുടെ എണ്ണം) 12 മുതല്‍ 18 വരെയാണ്. ചിക്കന്‍ പോക്‌സിനത് 10-12 ഒക്കെയാണ്. പക്ഷെ കൊവിഡിനത് 1-1.2 വരെയേ ഉള്ളൂ.

Airborne transmission ആയിരുന്നെങ്കില്‍ കുറഞ്ഞ സമയം കൊണ്ട് അങ്ങനെ കൂടുതല്‍ ആള്‍ക്കാര്‍ക്ക് രോഗം വന്നേനെ. കോവിഡിനു അങ്ങനെ പടരാന്‍ കഴിയുമായിരുന്നെങ്കില്‍ 2020-ന്റെ ആദ്യ മാസങ്ങളില്‍ തന്നെ വളരെ വ്യാപകമായി ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും മഹാമാരി പടര്‍ന്നു പിടിച്ചേനെ, ആന്റിബോഡി സര്‍വ്വേകളില്‍ കൂടുതല്‍ പോസിറ്റിവിറ്റി കാണിച്ചേനെ എന്നുമാണു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

??അപ്പോള്‍ എന്താണ് CDC പറയാന്‍ ഉദ്ദേശിച്ചത്? വായുവിലൂടെ പടരുന്ന രോഗങ്ങളുടെ അറ്റാക്ക് റേറ്റ് വളരെ ഉയര്‍ന്നതായിരിക്കും (മുകളിലത്തെ R0 നോക്കുക). അതായത് കൂടുതല്‍ പേരിലേക്ക് കുറഞ്ഞ സമയം കൊണ്ട് പടരാന്‍ അത്തരം രോഗങ്ങള്‍ക്ക് കഴിയണം. ഇതുവരെയുള്ള ശാസ്ത്രീയമായ തെളിവുകള്‍ അപഗ്രഥിക്കുമ്പോള്‍ മനസ്സിലാകുന്നത്, കോവിഡ് ഉണ്ടാക്കുന്ന SARS-CoV-2 വൈറസ് പ്രധാനമായും പകരുന്നത് അടുത്ത സമ്പര്‍ക്കത്തിലൂടെയാണ്, വായുവിലൂടെ അല്ല എന്നാണ്..എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ വായുവിലൂടെ കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത സി ഡി സി പറയുന്നുണ്ട്.

3 സാഹചര്യങ്ങളാണ് CDC പറയുന്നത്
1.അടഞ്ഞ മുറികള്‍ (Enclosed Spaces) : കേരളത്തില്‍ ആദ്യകാലത്ത് വിവാദമായ റാന്നിയിലെ രോഗികളെ ഉദാഹരിച്ച് പറയാം, അവര്‍ ഒരുപാട് ആള്‍ക്കാരുമായി ഇടപെട്ടെങ്കിലും, അവരോടൊപ്പം ഒരുമിച്ച് കാറില്‍ യാത്ര ചെയ്തവര്‍ക്ക് മാത്രമാണ് രോഗം പകര്‍ന്നത്. അതായത് കാറോ വായു സഞ്ചാരമില്ലാത്ത മുറിയോ പോലുള്ള അടഞ്ഞയിടങ്ങളില്‍ ഒരു രോഗിയുമായി നേരിട്ട് കൂടുതല്‍ നേരം ചിലവഴിക്കുമ്പോഴോ, രോഗി പോയതിനു ശേഷം ഉടനെ ആ ഇടത്തേക്ക് വന്നുചേരുന്നൊരാളിനോ വായു വഴി രോഗം കിട്ടാം.

2. ഒരു ജിമ്മോ ഡാന്‍സ് പ്രാക്റ്റീസോ കൂടിയിരുന്ന് പാട്ടുപാടുന്നതോ ഒക്കെ ഒന്ന് സങ്കല്‍പ്പിക്കൂ. അവിടുള്ളവരെല്ലാം ഒരുപാട് ചെറു കണികകള്‍ ചെറിയ സമയത്തിനുള്ളില്‍ വായുവിലേക്ക് പ്രസരിപ്പിക്കുന്നുണ്ട്. ഇങ്ങനെ കണികകളുടെ വായുവിലുള്ള സാന്ദ്രത കൂടുന്നതും രോഗിയില്‍ നിന്നും രണ്ടു മീറ്ററിനപ്പുറം നില്‍ക്കുന്നൊരാള്‍ക്ക് പോലും രോഗം പകരാന്‍ സാധ്യതയുണ്ട്.

3.നെഗറ്റീവ് പ്രഷര്‍ വെന്റിലേഷന്‍ ഇല്ലാത്ത ICU അല്ലെങ്കില്‍ ഓപറേഷന്‍ തിയറ്റര്‍ എന്നിവ. അകത്തെ വായു പുറത്തുപോകാതെ തങ്ങിക്കിടക്കുന്ന ഇത്തരം ഇടങ്ങളിലും വൈറസ് വായുവില്‍ തങ്ങി നിന്ന് രോഗവ്യാപനം ഉണ്ടാക്കാം.

??വായുവിലൂടെ പടരാനുള്ള സാധ്യത വിരളമാണെന്ന് മനസിലായല്ലോ. അഥവാ ഇനിയത് വായുവിലൂടെ പടരുമെന്ന് തന്നെ കരുതൂ. അപ്പോള്‍ രോഗവ്യാപനം എങ്ങനെ അത് ഒഴിവാക്കാം?-നിലവില്‍ നാം സ്വീകരിക്കുന്ന പ്രതിരോധ നടപടികള്‍ വായുവിലൂടെ ഉള്ള പകര്‍ച്ചാ സാധ്യതയേയും തടയാന്‍ ഉതകുന്നതാണ്. അതായത്, ശാരീരിക അകലം, മാസ്‌ക്, കൈകളുടെ ശുചിത്വം, പ്രതലങ്ങളുടെ അണു നശീകരണം എന്നിവ പാലിക്കുക. ഒപ്പം, മുറികളില്‍ വായൂ സഞ്ചാരം ഉറപ്പു വരുത്തണം, ആള്‍ക്കൂട്ടം ഒഴിവാക്കണം, അടഞ്ഞ മുറികളില്‍ സമയം ചിലവഴിക്കുന്നത് ഒഴിവാക്കണം.

Exit mobile version