ആണ്‍കുട്ടികളിലെ സ്തന വളര്‍ച്ച രോഗമോ?; അറിയേണ്ടതെല്ലാം, വിദഗ്ധര്‍ വിശദീകരിക്കുന്നു

പല ആണ്‍കുട്ടികളും പലപ്പോഴായി നേരിടുന്ന പ്രശ്‌നമാണ് സ്തന വളര്‍ച്ച. പലകാരണങ്ങള്‍ കൊണ്ടാകാം ആണ്‍കുട്ടികളില്‍ സ്തന വളര്‍ച്ച ഉണ്ടാകാറുള്ളത്. ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഡോ. ജിമ്മി മാത്യു. ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ ലേഖനത്തിലാണ് ആണ്‍ കുട്ടികളിലെ സ്തന വളര്‍ച്ചയെ കുറിച്ച് വിശദമാക്കുന്നത്.

ഇന്‍ഫോ ക്ലിനിക്ക് ലേഖനം

ഗൈനെക്കോമാസ്റ്റിയ അഥവാ ആണുങ്ങളിലെ സ്തന വളര്‍ച്ച.എനിക്ക് ഒരു പതിനാല് വയസ്സായപ്പോ നെഞ്ചത്ത് രണ്ടു വശത്തും ഒരു വേദന!നോക്കിയപ്പോ ചെറുതായി രണ്ടു സ്തനങ്ങളും വളര്‍ന്നിരിക്കുന്നു! ഇച്ചിരി പേടിച്ചു കേട്ടോ.എങ്കിലും ഇത് വളര്‍ച്ചയുടെ ഭാഗമാണ് എന്ന് മനസിലാക്കിയപ്പോള്‍ ആശ്വാസമായി.ഒന്ന് രണ്ടു വര്‍ഷങ്ങള്‍ കൊണ്ട്,അതങ്ങു പോവുകയും ചെയ്തു.

എങ്കിലും കൂട്ടുകാരുടെ കളിയാക്കലുകള്‍ ഒക്കെ ഉണ്ടായിരുന്നു . തമാശ അല്ലിത് . അത്യധികം മനപ്രയാസം ചിലരില്‍ ഇത് ഉണ്ടാക്കാം.

ആണുങ്ങള്‍ക്ക് സ്തനങ്ങള്‍ എന്തിന് ?

നമ്മുടെ ശരീര ഘടന അടിസ്ഥാനപരമായി മിക്ക സസ്തനികളുടേത് പോലെ തന്നെ പെണ്‍ ശരീരത്തിന്റെ ആണ്.ഗര്‍ഭാവസ്ഥയില്‍, ഒരു ജനിതക ആണിന്റെ വൃഷണങ്ങള്‍ മുളക്കുന്നതോടെ ആണ് ഈ ശരീര ഘടന മാറി ആണ് ആവുന്നത് എന്ന് പറയാം. വൃഷണങ്ങളില്‍ നിന്ന് വരുന്ന ടെസ്റ്റോസ്റ്റിറോണ്‍ ആണ് പ്രധാനമായും കാരണം.അത് കൊണ്ട് തന്നെ ആണുങ്ങളില്‍ ചെറു സ്തനങ്ങള്‍ ഉണ്ട് .

പെണ്ണുങ്ങളില്‍ കൗമാര സമയത്ത് ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ മൂലം സ്തനങ്ങള്‍ വളരുന്നു.ആണുങ്ങളില്‍ ഇത് സംഭവിക്കുന്നില്ല എന്ന് മാത്രം.ആണുങ്ങളിലും പെണ്ണുങ്ങളിലും,ആണ്‍ ഹോര്‍മോണുകളും പെണ്‍ ഹോര്‍മോണുകളും ഉണ്ട്.ഇതിന്റെ തമ്മിലുള്ള അളവുകളുടെ ബാലന്‍സ് വ്യത്യാസപ്പെട്ടിരിക്കും എന്ന് മാത്രം.എങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍, ഈ ബാലന്‍സ് സ്വല്പം തെറ്റാം.അപ്പോള്‍,സ്വല്പം സ്തന വളര്‍ച്ച ഉണ്ടാവാം .

ജനിച്ച ഉടനെ: ജനിച്ച ഉടനെ വലിയ ഒരു ശതമാനം ആണ്‍ കുട്ടികളില്‍ സ്തനങ്ങള്‍ വലുതായി കാണാം.ചിലപ്പോള്‍ സ്തനങ്ങളില്‍ നിന്ന് പാലും വന്നേക്കാം. അമ്മയുടെ ഈസ്ട്രജന്‍ മൂലം ആണിത്.ഏതാനും ആഴ്ചക്കുള്ളില്‍ ഇത് നിശ്ശേഷം മാറും .

കൗമാര പ്രായക്കാലത്ത്: പല ആണ്‍കുട്ടികള്‍ക്കും ഹോര്‌മോണല്‍ ഒഴുക്കിന്റെ കാലത്ത് ചില ഈസ്ട്രജന്‍-ടെസ്റ്റോസ്റ്റിറോണ്‍ അളവ് പിണക്കങ്ങളാല്‍ സ്തന വളര്‍ച്ച കണ്ടേക്കാം.ഞെക്കിയാലോ മുട്ടിയാലോ വേദനയും ഉണ്ടായേക്കാം.സാധാരണ ഗതിയില്‍,മാസങ്ങള്‍ കൊണ്ടോ,ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ടോ സംഭവം ചുങ്ങിക്കോളും.ഇത് വളര്‍ച്ചയുടെ ഒരു ഭാഗമായി കണ്ടാല്‍ മതി.

അന്‍പത് വയസ്സിന് ശേഷം:വയസാവും തോറും ടെസ്റ്റോസ്റ്റിറോണ്‍ കുറഞ്ഞു വരും.ഒരു അറുപത്,അറുപത്തഞ്ചു വയസ്സിനു ശേഷം , ലേശം സ്തനവളര്‍ച്ച സര്‍വ സാധാരണം ആണെന്ന് പറയാം .

ചില മരുന്നുകള്‍:ചില മരുന്നുകള്‍ ആണ്‍ സ്തന വളര്‍ച്ച ഉണ്ടാക്കിയേക്കാം.കാന്‍സറിന്റെ ചികിത്സ,പ്രത്യേകിച്ചും പ്രോസ്റ്റേറ്റ് കാന്‍സറിന്റേത്, ഇത് പോലുള്ള ഒന്നാണ്.ഡിജോക്‌സിന്‍,സ്‌പൈറോണോലാക്ടോണ്‍,സിമെറ്റിഡിന്‍,ചില ആന്റിഡിപ്രെസെന്റുകള്‍,സൈക്കോട്രോപിക്കുകള്‍ അങ്ങനെ പല മരുന്നുകള്‍ക്കും ഈ ഒരു പാര്‍ശ്വഫലം ഉണ്ടാക്കാനുള്ള സാദ്ധ്യത ഉണ്ട്. ഉണ്ടാക്കും എന്നല്ല, ഉണ്ടാക്കിയേക്കാം എന്നാണ്.

ബോഡി ബില്‍ഡിങ് ചെയ്യുമ്പോള്‍,മസിലുകള്‍ വളരാന്‍,നിയമ വിരുദ്ധമായി അനാബോളിക് സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നവര്‍ ഉണ്ട്.ഗുരുതര പാര്‍ശ്വ ഫലങ്ങള്‍ ഇവ ഉണ്ടാക്കാം.ഗൈനെക്കോമാസ്റ്റിയ എന്ന ആണ്‍ സ്തന വളര്‍ച്ചയും ഉണ്ടാക്കാം.മസിലിനു പകരം, ഉഗ്രന്‍ സ്തനങ്ങള്‍ വളര്‍ന്നു വന്നേക്കാം- ജാഗ്രതൈ! ഇച്ചിരി സങ്കടകരമായ കാര്യം പറയട്ടെ- വെള്ളമടി ആ സംഭവം വരുത്തിയേക്കാം! കഞ്ചാവും അതെ .

മറ്റസുഖങ്ങള്‍: ഹോര്‌മോണുകളുടെ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്ന അസുഖങ്ങള്‍ , ചില റ്റിയുമറുകള്‍ , കരള്‍ , വൃക്ക രോഗങ്ങള്‍, അങ്ങനെ ചില രോഗങ്ങള്‍ ഈ അവസ്ഥ ഉണ്ടാക്കിയേക്കാം. അപ്പൊ – ആണ്‍ സ്തന വളര്‍ച്ച പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം . രണ്ടു വശത്തും ഒരു പോലെ വളരാം. ചിലപ്പോ ഒരു വശത്തായിരിക്കും വളര്‍ച്ച കൂടുതല്‍ .

ഏറ്റവും പ്രധാനപ്പെട്ട കാര്യം : ഇനി ഉള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം . ആണ്‍ സ്തന വളര്‍ച്ചയെപ്പറ്റി ഏറ്റവും ആശങ്കയോടെ വരുന്നവര്‍ മിക്കവരും കൗമാരം കഴിഞ്ഞ ചെറുപ്പക്കാര്‍ ആണ് . ഇവരില്‍ മഹാഭൂരിപക്ഷത്തിനും ഒരു അസുഖവുമില്ല . കൗമാരത്തിലും, വയസ്സായവരിലും സാധാരണ ആയി കാണാറുള്ളതിനേയും ഒരു അസുഖം ആയി കാണാനാവില്ല .

അതായത്, ആണ്‍ സ്തന വളര്‍ച്ച മിക്കവരിലും ഒരു അസുഖമേയല്ല. അല്ലെങ്കില്‍ തന്നെ എല്ലാ ആണുങ്ങള്‍ക്കും ചെറിയ സ്തനങ്ങള്‍ ഉണ്ടല്ലോ . ചിലര്‍ക്ക് അലോസരം ഉണ്ടാക്കുന്ന വിധത്തില്‍ അത് വലുതാണ് എന്ന് മാത്രം . കുറച്ചു പാരമ്പര്യവും കണ്ടേക്കാം . ഇങ്ങനെ ഉള്ളവരില്‍ സ്തന ദശകള്‍ മാത്രമല്ല, ചുറ്റിനും കൊഴുപ്പ് അടിയുന്ന ശരീര പ്രകൃതിയും കാണാറുണ്ട് .പറഞ്ഞു വന്നത് എന്താണെന്ന് വച്ചാല്‍, ബഹുഭൂരിപക്ഷം ഇത്തരം കേസുകളും ശരീര ഘടനയുടെ സാദാ വ്യതിയാനമായി മാത്രം കണക്കാക്കാവുന്നതാണ് .

പക്ഷെ പലര്‍ക്കും ഇത് വലിയ മാനസിക വിഷമം ഉണ്ടാക്കുന്നതായി കാണുന്നു. കൂട്ടുകാരുടെ കളിയാക്കലുകള്‍ ഒരു വശത്ത്, തന്റെ ആണത്തത്തെ പറ്റി ഉള്ള ആശങ്കകള്‍ വേറൊരു വശത്ത് .ഗുരുതരമായ ഒരു ശരീര സൗന്ദര്യ പ്രശ്‌നമാണ് മിക്കവര്‍ക്കും ഇത് .

എപ്പോഴാണ് അപ്പോള്‍ ഡോക്ടറെ കാണേണ്ടത് ?

?? വേറെ എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍
?? അതിവേഗത്തിലുള്ള വളര്‍ച്ച ഉണ്ടെങ്കില്‍
??ഏതെങ്കിലും സ്തനത്തിന്റെ ഒരു ഭാഗം മാത്രം കല്ലിച്ച പോലെ ഉറച്ച ദശ വളരുന്നതായി തോന്നിയാല്‍.
??നിപ്പിളില്‍ നിന്ന് ദ്രവം വല്ലതും വരുന്നുണ്ടെങ്കില്‍
??നല്ല വേദന ഉണ്ടെങ്കില്‍
??മറ്റു രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍
??ഏതെങ്കിലും മരുന്ന് സ്ഥിരമായി കഴിച്ചു തുടങ്ങിയതിന് ശേഷം ആണ് കാണുന്നതെങ്കില്‍. (വേറെ മരുന്ന് ആക്കിയാല്‍ ചിലപ്പോ ശരിയായേക്കാം .)

ഇങ്ങനത്തെ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ആദ്യം ഒരു ഫിസിഷ്യനെയോ എന്‌ടോക്രനോളജി ഡോക്റ്ററെയോ കാണുന്നതാണ് നല്ലത് .പക്ഷെ ഇത് ഒരു ശരീര സൗന്ദര്യപ്രശ്‌നം മാത്രമായിട്ടാണ് തോന്നുന്നതെങ്കില്‍ നേരിട്ട് ഒരു പ്ലാസ്റ്റിക് സര്‍ജനെ കാണുന്നതില്‍ തെറ്റില്ല . എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ എന്‍ഡോക്രൈനോളജി കണ്‍സള്‍ട്ടേഷനും, മറ്റു ടെസ്റ്റുകളും മറ്റും ചെയ്യാവുന്നതേ ഉള്ളു. ചില ജനറല്‍ സര്‍ജന്മാരും ഗൈനെക്കോമാസ്റ്റിയ ശസ്ത്രക്രിയ ചെയ്യാറുണ്ടെങ്കിലും , അടിസ്ഥാനപരമായി ഇത് ഒരു ശരീര സൗന്ദര്യ പ്രശ്‌നം ആയത് കൊണ്ടും , നല്ല റിസള്‍ട്ട് കിട്ടാന്‍ , ലൈപ്പോസക്ഷന്‍ മിക്കവാറും വേണ്ടി വരും എന്നത് കൊണ്ടും, ഇതിനെ ഒരു പ്ലാസ്റ്റിക് സര്‍ജിക്കല്‍ പ്രശ്‌നമായി കാണുന്നതില്‍ തെറ്റില്ല.

ചുറ്റും ഉള്ള കൊഴുപ്പ് ലൈപ്പോസക്ഷന്‍ ചെയ്തു എടുക്കുക ആണ് ആദ്യ പടി . തീരെ ചെറിയ ദ്വാരങ്ങളിലൂടെ ഇത് ചെയ്യാവുന്നതേ ഉള്ളു. മുഴുവന്‍ ദശയും അങ്ങനെ വന്നില്ലെങ്കില്‍ നിപ്പിളിന്റെ ചുറ്റും ഉള്ള ബ്രൗണ്‍ ഏരിയോളയും സാധാരണ തൊലിയും തമ്മിലുള്ള വരയിലൂടെ ചെറിയ മുറിവുണ്ടാക്കി ബാക്കിയുള്ളത് എടുക്കാം . ഷര്‍ട്ട് ഊരിയാലും മുറിവിന്റെ പാടുകള്‍ കാണാത്ത രീതിയില്‍ തീരെ ചെറുതായിരിക്കും .

ഒരു ദിവസം ആശുപത്രി വാസമേ മിക്കവാറും പേര്‍ക്കും വേണ്ടി വരുള്ളൂ . ചെറിയ സ്തന വളര്‍ച്ചകള്‍ ആ ദിവസം തന്നെ വീട്ടില്‍ വിടുന്ന സര്‍ജന്മാരും ഉണ്ട് .
ഏതൊരു ശസ്ത്രക്രിയയേയും പോലെ അപൂര്‍വമായി സങ്കീര്‍ണതകള്‍ ഉണ്ടാവാം . പൊതുവെ വളരെ സുരക്ഷിത ശസ്ത്രക്രിയ ആണിത് . വിശദാംശങ്ങള്‍ ഡോക്ടറോട് തന്നെ ചോദിക്കുകയാവും ഉചിതം .

Exit mobile version