പ്രണയത്തിന്റെ രാജകുമാരി എന്നെല്ലാവരും വിശേഷിപ്പിക്കുമ്പോള്‍ എനിക്കവരെ സങ്കടങ്ങളുടെ രാജകുമാരി എന്നു വിശേഷിപ്പിക്കാനാണിഷ്ടം; മാധവിക്കുട്ടിയുടെ ഓര്‍മ്മകളുമായി ടിജി അജിതയും പ്രസന്ന ആര്യനും

മലയാള സാഹിത്യലോകം കണ്ട എക്കാലത്തെയും തുല്യതകളില്ലാത്ത എഴുത്തുകാരിയുടെ അളന്നെടുക്കാനാവാത്ത സംഭാവനകളും ഓര്‍മ്മകളും ബിഗ് ന്യൂസിനോട് പങ്കുവെയ്ക്കുകയാണ് എഴുത്തുകാരായ ടിജി അജിതയും പ്രസന്ന ആര്യനും

‘പ്രകടമാക്കാനാവാത്ത സ്നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും’. പ്രണയത്തെ പ്രണയിച്ച മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി മണ്‍മറഞ്ഞിട്ട് ഇന്നേക്ക് പത്ത്‌വര്‍ഷം. മലയാള സാഹിത്യലോകം കണ്ട എക്കാലത്തെയും തുല്യതകളില്ലാത്ത എഴുത്തുകാരിയുടെ അളന്നെടുക്കാനാവാത്ത സംഭാവനകളും ഓര്‍മ്മകളും ബിഗ് ന്യൂസിനോട് പങ്കുവെയ്ക്കുകയാണ് എഴുത്തുകാരായ ടിജി അജിതയും പ്രസന്ന ആര്യനും.

എഴുപതുകളുടെ തുടക്കമായിരുന്നെന്ന് തോന്നുന്നു. അച്ഛന് പ്രസാധകരില്‍ നിന്നും അയച്ചു കിട്ടാറുള്ള പുസ്തകങ്ങള്‍ മേശപ്പുറത്ത് കിടക്കുന്നതില്‍ താല്‍പ്പര്യം തോന്നുന്നത് ചിലപ്പോഴൊക്കെ എടുത്തു വായിക്കുന്നത് ഒരു ശീലമായിരുന്നു. അങ്ങിനെയിരിക്കെയാണ് മാധവിക്കുട്ടിയുടെ ഒരു പുസ്തകം പോസ്റ്റുമാന്‍ കൊണ്ടു വന്ന് തന്നതെന്ന് പ്രസന്ന ആര്യന്‍ ഓര്‍ക്കുന്നു. മൂന്നും കഥകള്‍ എന്നായിരുന്നെന്നു തോന്നുന്നു, എന്തായാലും അതില്‍ മാധവിക്കുട്ടിയുടെ മൂന്നു കഥകളായിരുന്നു.

പക്ഷേ പിന്നെ വായിക്കാനായി തിരഞ്ഞപ്പോള്‍ പുസ്തകം കാണാനുണ്ടായിരുന്നില്ല. ഒരു പാട് തിരച്ചിലുകള്‍ക്കപ്പുറം ഒളിപ്പിച്ച നിലയില്‍ അച്ഛന്റെ പുസ്തകക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെടുത്തതും ആരുമില്ലാത്ത സമയം നോക്കി ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തതുമാണ് ആദ്യത്തെ മാധവിക്കുട്ടി എന്ന വായനാനുഭവം. ‘രുക്മിണിക്കൊരു പാവക്കുട്ടി ‘ എന്ന കഥയാവണം ഞാനെന്ന പത്തു വയസ്സുകാരിപ്പെണ്‍കുട്ടിയില്‍ നിന്നും അച്ഛന്‍ മറയ്ക്കാന്‍ ശ്രമിച്ചിരുന്നത് എന്നതോര്‍ക്കുമ്പോള്‍ അന്ന് അവരുടെ തുറന്നെഴുത്തിനെ മറ്റുള്ളവര്‍ എങ്ങിനെ ഭയന്നിരുന്നു എന്ന് ഇപ്പോഴും ഞാന്‍ അത്ഭുതപ്പെടാറുണ്ട്.

1934-ല്‍ ജനിച്ച് പതിമൂന്നു വയസ്സില്‍ കല്ല്യാണം കഴിഞ്ഞ് വെറുമൊരു ഭാര്യയായി വീട്ടുകാരും സമൂഹവും ചേര്‍ന്ന് ( ഒരു വേശ്യയെ പോലും അതിനായി നിയോഗിക്കപ്പെട്ടതായി മാധവിക്കുട്ടി തന്നെ പറയുന്നുണ്ട് ) ചിട്ടപ്പെടുത്തിയെടുത്ത സ്ത്രീ, ഇന്നു പോലും പലരും ഉപയോഗിക്കാന്‍ ഭയക്കുന്ന ഭാഷാ സങ്കേതങ്ങള്‍ അനായാസം കൈകാര്യം ചെയ്തു കൊണ്ടു തന്റെ കൃതികള്‍ വിശിഷ്ടമാക്കിയിരുന്നു എന്നത് തന്നെയാണ് അവരെ മറ്റു സ്ത്രീ കഥാകാരികളില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.

പിന്നീട് വന്ന പലരും അവരെപ്പോലെ എഴുതാന്‍ ശ്രമിച്ചെങ്കിലും അനുകരണങ്ങള്‍ അരോചകം മാത്രമാവുകയാണ് ചെയ്തത്. തീക്ഷ്ണമായ അനുഭവങ്ങളില്‍ നിന്നു തന്നെയാണ് നല്ലെഴുത്തുകള്‍ പിറവിയെടുക്കുന്നത്. പെണ്ണെഴുത്താളിലെല്ലാം തങ്ങള്‍ക്ക് പ്രിയപ്പെട്ട മാധവിക്കുട്ടിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന വായനക്കാരെയെ ഇതില്‍ കുറ്റം പറയാനാവുള്ളു. പ്രണയത്തിന്റെ രാജകുമാരി എന്നെല്ലാവരും വിശേഷിപ്പിക്കുമ്പോള്‍ എനിക്കവരെ സങ്കടങ്ങളുടെ രാജകുമാരി എന്നു വിശേഷിപ്പിക്കാനാണിഷ്ടം. പതിമൂന്നു വയസ്സില്‍ നടന്ന തന്റെ പറിച്ചുനടലിനെപ്പറ്റി ‘Of Calcutta’ എന്ന കവിതയില്‍ അവരുടെ വാക്കുകള്‍ ഇവിടെ കൊടുക്കുന്നു..

”I was sent away, to protect a family’s Honour,
to save a few cowards, to defend some Abstractions,
sent to another city to be A relatieve’s wife.”

ആണും പെണ്ണും ഒരു പോലെ പ്രണയിച്ചവരായിരുന്നു മാധവിക്കുട്ടിയെന്ന് എഴുത്തുകാരി ടിജി അജിത പറയുന്നു. കൊതിയോടെ ആണും കെറുവോടെ പെണ്ണും അവരെ മോഹിച്ചു. കടലുറങ്ങിക്കിടക്കുന്ന അവരുടെ കണ്ണുകളും നക്ഷത്രത്തിളക്കമുള്ള അവരുടെ മൂക്കുത്തിയും ചന്ദനം മണക്കുന്ന അവരുടെ നിശ്വാസവും സ്വപ്നം കണ്ടു. പക്ഷേ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് തെന്നി നീങ്ങുന്ന മാന്ത്രികതയില്‍ അവര്‍ നിസ്സാരമനുഷ്യരെ കെട്ടിയിട്ടു. ആ വളയിട്ട കൈകളുടെ മൃദുചലനത്തില്‍ അവര്‍ നാലപ്പാട്ടെ കമലയായി , ആമിയായി , കമലാദാസായി , മാധവിക്കുട്ടിയായി ,പിന്നെ കമലാ സുരയ്യയും..

ഗന്ധര്‍വ്വസമാനമായ ഭൂമിയിലെ ജീവിതം ഉപേക്ഷിച്ചവര്‍ മടങ്ങിപ്പോയപ്പോള്‍ ബാക്കിയായത് നീര്‍മാതളത്തിന്റെ നേര്‍ത്ത ഗന്ധം മാത്രം. അപ്പോഴും അവരുടെ ആരാധകര്‍ ,വായനക്കാര്‍ സ്വയം കല്‍പിച്ചൊരു മാന്ത്രിക വലയത്തില്‍ ഗതികിട്ടാതുഴറി. ആരായിരുന്നു മാധവിക്കുട്ടി? മലയാളത്തില്‍ മനോഹര കഥകളെഴുതിയിരുന്ന, ഇംഗ്ലീഷില്‍ കവിതകളെഴുതിയിരുന്ന, മറ്റാരും ധൈര്യപ്പെടാതിരുന്ന വിധത്തില്‍ ആത്മകഥയെഴുതിയ ഒരു എഴുത്തുകാരി മാത്രമായിരുന്നോ? ആയിരിക്കില്ല.

പക്ഷേ ഒരു കാലഘട്ടത്തെ തന്റെ പേനത്തുമ്പില്‍ കെട്ടിയിടാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. അതിവൈകാരിക സന്ദര്‍ഭങ്ങളെ ഹൃദയത്തില്‍ തൊടും വിധത്തില്‍ അവര്‍ കഥകളെഴുതിയിട്ടുണ്ട്. പക്ഷേ ആ കഥകളേക്കാള്‍ വലിയ ഉയരത്തിലായിരുന്നു അവര്‍ ഇംഗ്ലീഷിലെഴുതിയ കവിതകള്‍. പ്രണയവും, വിരഹവും, നീരസവും, ഗൃഹാതുരത്വവും അവര്‍ തനിമ ചോരാതെ വാക്കുകളിലാവാഹിച്ച് വായനക്കാര്‍ക്കു സമ്മാനിച്ചു. അവിടെയൊന്നും ഒരു തോറ്റ പടയാളിയുടെ മുഖഭാവമുണ്ടായിരുന്നില്ലെന്ന് അജിത പറയുന്നു.

പകരം ജയിക്കാനുറപ്പിച്ചിറങ്ങിയവരുടെ ചിത്രം സഹിതമുള്ള സാക്ഷ്യപത്രങ്ങളായിരുന്നു. രതി പ്രണയത്തോളം ഗാഢമായിരുന്നു. പ്രണയമില്ലാത്ത രതി ജി ഗ്‌സോ പസില്‍ പോലെ ആവര്‍ത്തന വിരസമായിരുന്നു. അതു കൊണ്ടാണ് യാന്ത്രികമായ രതി യിലേര്‍പ്പെട്ട തന്റെ ഇണയുടെ കൈകാലുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ carnivorous plants ( poem : In Love ) നെക്കുറിച്ചോര്‍മ്മ വരുന്നതും look how he urinates (In Mirror) എന്നവര്‍ക്ക് പറയാന്‍ കഴിയുന്നതും. അതവരുടെ ശക്തമായ സ്ത്രീപക്ഷ നിലപാടു തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും.

കമലാ ദാസിന്റെ മറ്റൊരു പ്രിയപ്പെട്ട വിഷയം ഗൃഹാതുരത്വമായിരുന്നു My Grandmother’s House , Hot Noon in Malabar എന്നീ കവിതകള്‍ ചിത്ര സമാനതയോടെ ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. മുത്തശ്ശിയുടെ മരണത്തോടെ ഇരുട്ടിലായിപ്പോകുന്നൊരു വീട്ടിലേക്ക് അടഞ്ഞ ജനലിന്റെ ഇത്തിരി വിടവിലൂടെ കവിയോടൊപ്പം വായനക്കാരനും എത്തിനോക്കുന്നു. വേനലുച്ചകളില്‍ വിണ്ട കാലമര്‍ത്തി കടന്നു വരുന്ന കുറത്തികളും ,വളക്കച്ചവടക്കാരും കൗതുകമുണ്ടാക്കുന്നു. പതിവു തെറ്റിച്ചവര്‍ വായനക്കാരോടു പറയുന്നു. children are not so innocent as you think ..

ആരും പറയാനില്ലാത്ത ഹിജഡകളുടെ രാഷ്ട്രീയം പറയുന്നു. ഗുല്‍മോഹറുകള്‍ തീപ്പന്തം പോലെ വിരിഞ്ഞു നില്‍ക്കുന്ന സന്ധിയില്‍ ഒട്ടിയ മാറിടത്തില്‍ തട്ടി പിറക്കാതെ പോയ കുഞ്ഞിനെക്കുറിച്ചവര്‍ പാടുമ്പോള്‍ തൂളിപ്പോയ വേനല്‍മഴയില്‍ ഉയര്‍ന്നു പൊങ്ങിയ പല്ലി മൂത്രത്തിന്റെ ഉളുമ്പു മണമനുഭവിപ്പിക്കുന്നു.( Dance of Eunuchs) ഇത് അവര്‍ക്കു മാത്രം ചെയ്യാനാവുന്ന മാജിക്കാണെന്ന് നാം തിരിച്ചറിയുന്നതെന്ന് ടിജി അജിത പറയുന്നു. അതു കൊണ്ടാണ് സദാചാരത്തെ പുറം കാലുകൊണ്ട് അവര്‍ കുടഞ്ഞെറിയുമ്പോഴും മലയാളി അവരെ പിണക്കത്തോടെയെങ്കിലും സ്‌നേഹിക്കുന്നത്. നഷ്ടബോധത്തെ മന്ത്രിക്കുന്നത്.. നീ മറഞ്ഞാലും തിരയടിക്കും…

Exit mobile version