ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസക് ഇനി ധമാക്കയിലെ നായകന്‍; പ്രഖ്യാപിച്ച് ഒമര്‍ ലുലു

അരുണ്‍ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണ് ധമാക്ക.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒരുക്കുന്ന ധമാക്കയിലെ നായകനെ പ്രഖ്യാപിച്ച് ഒമര്‍ ലുലു. മോഹന്‍ലാല്‍ ചിത്രമായ ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ടോണി ഐസക് എന്ന കഥാപാത്രമായി എത്തിയ അരുണ്‍ ആണ് നായക വേഷത്തിലെത്തുന്നത്. അരുണ്‍ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണ് ധമാക്ക.

ഒമല്‍ ലുലു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നായകനെ പ്രഖ്യാപിച്ചത്. ധമാക്ക ചിത്രത്തിനായി ചങ്ക്സ് ടീമിനെ കാസ്റ്റ് ചെയ്തിരുന്നെങ്കിലും പല സാഹചര്യങ്ങള്‍ കൊണ്ട് നടക്കാതെ പോയെന്നും ഒമര്‍ ലുലു കുറിച്ചു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു കളര്‍ഫുള്‍ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. സൈക്കിള്‍, മുദുഗൗ, സ്പീഡ് തുടങ്ങിയ ചിത്രങ്ങളിലും അരുണ്‍ വേഷമിട്ടിട്ടുണ്ട്.

അരുണിന്റെ ഇത്രവര്‍ഷത്തെ അഭിനയ ജീവിതത്തില്‍ കൊച്ചുവേഷങ്ങള്‍ കുറച്ചൊക്കെ ചെയ്തെങ്കിലും, ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല. ഒരു അഡാറ് ലവില്‍ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങള്‍ കൊണ്ട് ആ അവസരവും അരുണില്‍ നിന്ന് മാറിയകന്നുപോയെന്നും, ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോള്‍ കിട്ടിയതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍ അരുണിനെ നായകനാക്കി പ്രഖ്യാപിച്ചതിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നത്. നിരവധി പേര്‍ വിജയാശംസകളും നേര്‍ന്നിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതല്‍ പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് പടത്തിലെ നായകന്‍ എന്നത് .20 വര്‍ഷം മുന്‍പ് ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് ,ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച ”അരുണ്‍ ‘ ആണ് ധമാക്കയിലെ നായകന്‍.പ്രൊജക്റ്റ് തുടങ്ങിയത് ചങ്ക്സ് ടീമിനെ cast ചെയ്തായിരുന്നെങ്കിലും പല കാരണങ്ങളും ,സാഹചര്യങ്ങളും കൊണ്ട് അത് നടക്കാതെ പോയി. ഒരു കളര്‍ഫുള്‍ കോമഡി എന്റെര്‍റ്റൈനെര്‍ ഒരുക്കുന്നതിനുള്ള അത്യാവശ്യം വലിയ ബഡ്ജറ്റ് ചിത്രത്തിന് ആവശ്യമായതുകൊണ്ട് , അത്രത്തോളം മൂല്യമുള്ള ഒരു താരമല്ല അരുണ്‍ എന്ന കാരണം കൊണ്ട് മുന്‍പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസര്‍ പിന്നീട് പിന്മാറുകയുണ്ടായി .ഇതിനു ശേഷം MK നാസര്‍ എന്ന പ്രൊഡ്യൂസര്‍ അരുണിനെ നായകനായി ധമാക്ക ചെയ്യാന്‍ സധൈര്യം മുന്നോട്ട് വന്നു ,അദ്ദേഹത്തിന് ഒരു വലിയ നന്ദി.

അരുണിന്റെ ഇത്രവര്‍ഷത്തെ അഭിനയ ജീവിതത്തില്‍ കൊച്ചുവേഷങ്ങള്‍ കുറച്ചൊക്കെ ചെയ്തെങ്കിലും ,ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല .അഡാറ് ലവില്‍ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ,പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങള്‍ കൊണ്ട് ആ അവസരവും അരുണില്‍ നിന്ന് മാറിയകന്നുപോയി. ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോള്‍ കിട്ടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു .ആ വിശ്വാസത്തോടൊപ്പം നിങ്ങളുടെ മനസ്സ് നിറഞ്ഞ സപ്പോര്‍ട്ട് കൂടെ ഉണ്ടാവണം .ധമാക്കയിലെ മറ്റു താരങ്ങള്‍ ആരൊക്കെയെന്നത് പിന്നീട് announce ചെയ്യുന്നതായിരിക്കും .

Exit mobile version