അവന് എന്റെ അത്ര ഗ്ലാമറില്ല; മിടുക്കനായ ഒരു മകനും ഇല്ല; മകൻ ജീൻ പോളിന്റെ കുറ്റങ്ങൾ പറഞ്ഞ് നടൻ ലാൽ

അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടൻ ലാൽ മലയാളത്തിൽ മാത്രമല്ല, അന്യഭാഷകളിലും താരമാണ്. സോഷ്യൽമീഡിയയിലും സജീവമായ താരത്തിനെ നിരവിധി പേർ പിന്തുടരുന്നുമുണ്ട്. ഇപ്പോൾ സെലിബ്രിറ്റികളുടെ താവളമായ ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവെച്ച ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ആരാധകരുടെ മനംകവരുന്നത്.

കഴിഞ്ഞദിവസമാണ് ആരാധകർക്ക് ഇഷ്ടമുള്ള ചോദ്യം ചോദിക്കാമെന്നുള്ള പോസ്റ്റ് അദ്ദേഹം പങ്കുവെച്ചത്. തൊട്ടുപിന്നാലെ ചറപറ ചോദ്യങ്ങളുമായി ആരാധകർ വന്നു നിറഞ്ഞു. അതിനെല്ലാം ലാൽ നൽകിയതാകട്ടെ രസകരമായ മറുപടികളും. മകൻ ജീൻപോൾ ലാലിന്റെ മൂന്ന് കുറവുകൾ പറയാമോ എന്നായിരുന്നു ഒരു ചോദ്യം. ലാലിന്റെ മറുപടി ഇങ്ങനെ:
1. അവൻ എന്റെ അത്ര ഗ്ലാമർ ഇല്ല.
2. അവൻ എന്റെ അത്ര പ്രായം ഇല്ല
3. അവൻ എന്നെപ്പോലെ ജീൻ എന്ന് പേരുള്ള മിടുക്കനായ മകൻ ഇല്ല.

മറ്റൊരു ചോദ്യം എത്ര വയസായി എന്നുള്ളതായിരുന്നു. ദുൽഖറിനെക്കാൾ അൽപ്പം കൂടുതലെന്നായിരുന്നു ലാലിന്റെ കിടിലൻ മറുപടി. ഹോളിവുഡിൽ വില്ലനായി പൊയ്ക്കൂടെ എന്ന ചോദ്യത്തിന്, എന്ത് ചെയ്യാനാണ് ഹോളിവുഡിൽ നിന്ന് വരുന്നതെല്ലാം നായകവേഷങ്ങളാണ് എന്നായിരുന്നു ലാലിന്റെ തകർപ്പൻ കമന്റ്.

Exit mobile version