യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുമുള്ള തന്നെ പ്രണയ വിവാഹം മാതാപിതാക്കളില്‍ നിന്നും അകറ്റി; സിനിമ കുടുംബത്തെ തിരിച്ചു തന്നു: ഷിബ്‌ല

'കക്ഷി അമ്മിണിപിള്ള'യിലെ കാന്തി ശിവദാസനായി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയിരിക്കുകയാണ് മലപ്പുറം സ്വദേശിനിയായ ഷിബ്‌ല.

ആരും തയ്യാറാകാത്ത പരീക്ഷണത്തിന് തയ്യാറായി മലയാള സിനിമാ ലോകത്തേക്ക് കാലെടുത്ത് വെച്ച ഷിബ്‌ല ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും താരമാണ്. ആസിഫ് അലി നായകനായെത്തിയ ചിത്രം ‘കക്ഷി അമ്മിണിപിള്ള’യിലെ കാന്തി ശിവദാസനായി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയിരിക്കുകയാണ് മലപ്പുറം സ്വദേശിനിയായ ഷിബ്‌ല. തീയ്യേറ്ററുകളില്‍ വിജയകരമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്. അതേസമയം, സിനിമയിലെ കഥാപാത്രത്തിനായി 20 കിലോ ഭാരം വര്‍ധിപ്പിച്ച ഷിബ്‌ലയ്ക്ക് ഈ ചിത്രം ജീവിതം കൂടി തിരികെ നല്‍കിയിരിക്കുകയാണ്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന് ചിത്രം കാരണമായതെങ്ങനെയെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷിബ്‌ല വിവരിച്ചിരിക്കുന്നത്. ‘ഞാനൊരു മലപ്പുറത്തുകാരിയാണ്. യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. പ്രണയവിവാഹമായിരുന്നു. മറ്റൊരു മതത്തില്‍പ്പെട്ടയാളോടുള്ള എന്റെ പ്രണയവും വിവാഹവും ഉപ്പയ്ക്കും ഉമ്മയ്ക്കും അംഗീകരിക്കാന്‍ പറ്റിയില്ല. വിവാഹത്തിന് ശേഷം എന്നെ അവര്‍ സ്വീകരിച്ചില്ല. അവര്‍ പക്ഷേ എന്നെ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചില്ല. അതിന് എനിക്ക് അവരെ കുറ്റം പറയാനും പറ്റില്ല. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പും ഞാന്‍ അവരെ വിളിച്ചിരുന്നു. എന്നാല്‍ എന്തോ കാരണങ്ങള്‍ കൊണ്ട് ഫോണെടുത്തില്ല’.

‘എന്നാല്‍ ഈ സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഫേസ്ബുക്കിലൂടെ സിനിമയില്‍ ഒരാള്‍ എന്റെ അഭിനയം നന്നായി എന്ന് അറിയിച്ചിരുന്നു. അദ്ദേഹം എന്റെ ഉപ്പയുടെ സുഹൃത്താണ്. മറുപടിയായി എന്റെ ഉപ്പ ‘ഇതാരാണെന്ന് അറിയുമോ, എന്റെ മകളാണ്..’ എന്ന് മറുപടി നല്‍കി. ഞാന്‍ അത് കണ്ടിരുന്നില്ല. സിനിമയില്‍ ഒരു കഥാപാത്രമായെത്തുന്ന ഷൈനി ചേച്ചിയാണ് അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് എന്നെ കാണിക്കുന്നത്. ശരിക്കും സന്തോഷമായി അത് കണ്ടപ്പോള്‍’. ഷിബ്‌ല പറയുന്നു.

സിനിമയ്ക്കായി 63 കിലോ ഭാരമുള്ള ഷിബ്‌ല 20 കിലോയോളമാണ് കൂട്ടിയത്. ഷിബ്‌ലയുടെ ഈ മേക്ക് ഓവറിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ 15 കിലോയോളം കുറച്ചും ഞെട്ടിച്ചിരിക്കുകയാണ് താരം. ഷിബ്ലയുടെ ഭര്‍ത്താവ് വിജിത്ത് മാധ്യമപ്രവര്‍ത്തകനാണ്. ഒരു മകനുമുണ്ട്, വീര്‍ അഭിമന്യു എന്നാണ് പേര്.

Exit mobile version