കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം നടന്നു, രക്ഷയായത് അച്ഛന്റെ സുഹൃത്ത് കണ്ടതിനാല്‍; ഓര്‍മ്മ പങ്കുവെച്ച് റിമി ടോമി

കണ്ണാംതുമ്പീ പോരാമോ എന്ന ഗാനം ആദ്യമായി പാടിയപ്പോള്‍ സമ്മാനം ലഭിച്ചതിന്റെ ഓര്‍മ്മകളും അവര്‍ പങ്കുവെച്ചു.

‘കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍’ എന്ന സിനിമയിലെ ജീവിതം അനുഭവത്തില്‍ തനിക്കും വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഗായിക റിമി ടോമി. മഴവില്‍ മനോരമയിലെ ‘പാടാം നമുക്കു പാടാം’ എന്ന പരിപാടിക്കിടെയാണ് താരം തന്റെ കുട്ടിക്കാല അനുഭവം തുറന്ന് പറഞ്ഞത്. വേദിയില്‍ ഒരു മത്സരാര്‍ഥി ‘കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍’ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചപ്പോഴായിരുന്നു റിമി തന്റെ അനുഭവം പങ്കുവച്ചത്.

‘ഊട്ടിയില്‍ താമസിച്ചിരുന്ന കാലത്തായിരുന്നു അത്. പപ്പ മിലിട്ടറിയിലായതിനാല്‍ ഞങ്ങള്‍ പലയിടങ്ങളിലും താമസിച്ചിട്ടുണ്ട്. അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്പോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ വിളിച്ചു. ഞാന്‍ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡില്‍ നില്‍ക്കുമ്പോള്‍ പപ്പയുടെ കൂട്ടുകാരന്‍ കണ്ടു. എന്നെ മനസ്സിലായതിനാല്‍ അദ്ദേഹം വീട്ടിലെത്തിച്ചു. അല്ലെങ്കില്‍ അന്നേ അവര്‍ ചാക്കില്‍ കെട്ടി കൊണ്ടു പോകുമായിരുന്നു.’ റിമി പറയുന്നു.

കണ്ണാംതുമ്പീ പോരാമോ എന്ന ഗാനം ആദ്യമായി പാടിയപ്പോള്‍ സമ്മാനം ലഭിച്ചതിന്റെ ഓര്‍മ്മകളും അവര്‍ പങ്കുവെച്ചു. ആ സമ്മാനം ലഭിച്ചത് മൂന്നര വയസിലായിരുന്നുവെന്നും റിമി പറയുന്നു. അമ്മ റേഡിയോയില്‍ നിന്നും മറ്റും കേട്ട് വരികള്‍ എഴുതിയെടുത്ത് തന്നെ പഠിപ്പിച്ച് തന്നതാണെന്ന് താരം കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ ആദ്യമായി പാടിയ ഗാനം എന്റെ ചിത്ര ചേച്ചി പാടിയതായതില്‍ അതിയായ സന്തോഷമുണ്ടെന്നും, ആ ഗാനം പാടിയതിനാണ് ആദ്യത്തെ സമ്മാനമെന്നും റിമി വ്യക്തമാക്കി.

Exit mobile version