തീയ്യേറ്ററുകള്‍ക്ക് മുമ്പില്‍ ജാതിസംഘടനകളുടെ പ്രതിഷേധം, പോസ്റ്ററുകള്‍ വലിച്ചു കീറി; ആയുഷ്മാന്‍ ഖുറാനയുടെ ‘ആര്‍ട്ടിക്കിള്‍ 15’ന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു

തീയ്യേറ്ററുകളില്‍ എത്തിയ ജാതി സംഘടന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും ചിത്രത്തിന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുകയും കട്ടൗട്ടുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു

ആയുഷ്മാന്‍ ഖുറാന നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ആര്‍ട്ടിക്കില്‍ 15’. ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തും. അതേസമയം ഹൗസ്ഫുള്‍ ആയി കാണ്‍പൂരില്‍ പ്രദര്‍ശനം തുടരുന്ന തീയ്യേറ്ററുകള്‍ക്ക് നേരെ ജാതി സംഘടനകളുടെ ആക്രമണം. രാജ്യത്തെ ജാതി വ്യവസ്ഥയെ വളരെ ശക്തമായി വിമര്‍ശിക്കുന്നതാണ് ചിത്രം. ജാതി കൊലപാതകങ്ങളെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്.

തീയ്യേറ്ററുകളില്‍ എത്തിയ ജാതി സംഘടന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും ചിത്രത്തിന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുകയും കട്ടൗട്ടുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. അതേസമയം ഈ തീയ്യേറ്ററുകളിലെ എല്ലാ ഷോകളും ഹൗസ്ഫുള്‍ ആണെന്നും എന്നാല്‍ സിനിമ കാണാന്‍ എത്തുന്നവരുടെ സുരക്ഷയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അതുകൊണ്ട് പ്രദര്‍ശനം നിര്‍ത്തി വയ്ക്കുകയാണ് എന്നുമാണ് തീയ്യേറ്റര്‍ ഉടമകള്‍ അറിയിച്ചത്.

അതേസമയം ചിത്രത്തിന്റെ പ്രദര്‍ശനം എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്. എന്നാല്‍ കാണ്‍പൂരിലെ ബ്രാഹ്മണര്‍ക്ക് മാത്രം എന്താണ് ഇത്ര അസ്വസ്ഥത എന്നും ജില്ലാ ഭരണകൂടത്തിന്റെ ഈ നിഷ്‌ക്രിയ നിലപാടില്‍ ഞാന്‍ അസ്വസ്ഥനാണ് എന്നുമാണ് ചിത്രത്തിന്റെ സംവിധായകന്‍ അനുഭവ് സിന്‍ഹ പറഞ്ഞത്.

Exit mobile version